പ്രവാസികള്‍ക്ക് ഇരുട്ടടി; സൗജന്യ ബാഗേജ് പരിധി കുറച്ച് എയര്‍ ഇന്ത്യ

kpaonlinenews

ദുബായ്: ടിക്കറ്റ് നിരക്ക് കുത്തനെ കൂടിയതിനൊപ്പം ബാഗേജ് പരിധിയും കുറച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയില്‍ സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ് പരിധി 30 കിലോയില്‍നിന്ന് 20 ആയി കുറച്ചു. ആഗസ്ത് 19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് പുതിയ നിയന്ത്രണം.

ഇതുപ്രകാരം ആഗസ്ത് 19ന് ശേഷം യാത്ര ചെയ്യുന്നവര്‍ക്ക് 20 കിലോ ബാഗേജും ഏഴ് കിലോ ഹാന്‍ഡ് ബാഗേജുമാണ് കൊണ്ടുപോകാനാവുക. ആഗസത് 19ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് 30 കിലോ ലഗേജ് തന്നെ അനുവദിക്കുമെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുറത്തിറക്കിയ പുതിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്.

മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ സൗജന്യ ബാഗേജിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറഞ്ഞു. ജി.സി.സിയില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ളത് യു.എ.ഇയിലാണ്. സാധാരണക്കാരായ പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സര്‍വീസ എന്ന നിലക്ക് ലഗേജിന്റെ ഭാരം കുറച്ച നടപടി വലിയ തിരിച്ചടിയാകും. സൗജന്യ ബാഗേജ് കൂടാതെ അധിക ഭാരമായി പരമാവധി അനുവദിക്കുന്നത് 15 കിലോവരെ മാത്രമാണ്.

ഏറ്റവും തിരക്കേറിയ യു.എ.ഇ-ഇന്ത്യ റൂട്ടില്‍ സൗജന്യ ലഗേജ് ആനുകൂല്യം വെട്ടിക്കുറച്ചതിലൂടെ കൂടുതല്‍ ലാഭമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലക്ഷ്യമിടുന്നതെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

നിലവില്‍ ഓഫ് സീസണ്‍ പോലും പരിഗണിക്കാതെ യു.എ.ഇയില്‍ നിന്ന് ടിക്കറ്റ് നിരക്കില്‍ ഇരട്ടിയിലധികം വര്‍ധന വരുത്തിയിരിക്കുകയാണ് കമ്പനികള്‍.

അധിക ബാഗേജിനുള്ള നിരക്ക് കുറച്ചു
യാത്രക്കാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അധിക ബാഗേജിനുള്ള നിരക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കുറച്ചു. 20 കിലോയ്ക്ക് മുകളിലുള്ള ഓരോ അധിക കിലോയ്ക്കും  50 ദിര്‍ഹം വരെ ഈടാക്കുമെന്നായിരുന്നു ഈ മാസം ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, 30 ദിര്‍ഹത്തിന് 10 കിലോ അനുവദിക്കുമെന്നാണ് പുതിയ അറിയിപ്പ്. എന്നാല്‍, 30 കിലോയ്ക്ക് മുകളില്‍ ഓരോ കിലോയ്ക്കും പഴയ നിരക്ക് തന്നെ നല്‍കേണ്ടി വരും.

പല ഘടകങ്ങളും പരിഗണിച്ച് വിമാനത്തില്‍ കയറ്റാവുന്ന പരമാവധി ഭാരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് ബാഗേജ് അലവന്‍സ് കുറയ്ക്കാന്‍ കാരണമെന്നും കമ്പനി പറയുന്നു.

Share This Article
error: Content is protected !!