കണ്ണൂർ പയ്യാമ്പലം കടൽത്തീരത്ത് കടലാമയുടെ ജഡം കരക്കടിഞ്ഞനിലയിൽ കണ്ടെത്തി. ഒലീവ് റെഡ്‌ലി ഇനത്തിൽപ്പെട്ട ആമയുടെ ജഡമാണ്. ബീച്ചിലുണ്ടായിരുന്ന ലൈഫ് ഗാർഡും പൊലീസുകാരുമാണ് കണ്ടത്. തുടർന്ന് അഴീക്കൽ കോസ്റ്റൽ പൊലീസും തളിപ്പറമ്പിൽനിന്ന് വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി. ആമയ്ക്ക് 10 കിലോയോളം തൂക്കമുണ്ട്. പഗ്‌മാർക്ക് സംഘടനാ പ്രവർത്തകരുടെ സഹായത്തോടെ ജഡം വനം വകുപ്പ് അധികൃതർ ജില്ലാ വെറ്ററിനറി ആശുപത്രിയിലെത്തിച്ച് ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.