ഇരിട്ടി: വൈദ്യുത പോസ്റ്റിൽ കയറി ജോലിചെയ്യുന്നതിനിടെ കെ എസ് ഇ ബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കാക്കയങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ ഗ്രേഡ് – 1 ലൈൻമാൻ വട്ടക്കയം എളമ്പയിലെ സജിന നിവാസിൽ വി.വി. സന്തോഷ് (50) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ 11. 30 ഓടെ തില്ലങ്കേരി കാവുംപടി അംഗൻവാടിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം . ലൈൻ ഓഫ് ചെയ്ത് വൈദ്യുതി പോസ്റ്റിൽ കയറി ജോലി ചെയ്യുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. താഴെ റോഡിലുണ്ടായിരുന്ന സഹപ്രവർത്തകർ അസ്വഭാവികമായ ശബ്ദം കേട്ട് മുകളിലേക്ക് നോക്കിയപ്പോൾ സന്തോഷ് ഷോക്കേറ്റ് കുഴഞ്ഞുവീണ് ലൈനിൽ കുടുങ്ങിയ നിലയിലായിരുന്നു. ഉടനെ പോസ്റ്റിൽ കയറിയ സഹജീവനക്കാർക്ക് സന്തോഷിനെ താഴെ ഇറക്കാൻ കഴിയാതെവന്നതോടെ നാട്ടുകാരുടെ സഹായത്തോടെ തില്ലങ്കേരിയിലുണ്ടായിരുന്ന ക്രയിൻ എത്തിച്ച് കുടുങ്ങി കിടന്ന സന്തോഷിനെ പുറത്തെത്തിക്കുകയായിരുന്നു. ഇരിട്ടി സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
സന്തോഷിനെ താഴെ എത്തിക്കാൻ പോസ്റ്റിൽ കയറിയ ജീവനക്കാർ പരിശോധിച്ചപ്പോൾ ലൈനിൽ വൈദ്യുതി ഉണ്ടായിരുന്നില്ലെന്ന് ഇവർ പറഞ്ഞു. ലൈൻ ഓഫ് ചെയ്താണ് പ്രവൃത്തി നടത്തിയെതന്നും ലൈനിൽ വൈദ്യുതി എങ്ങനെയെത്തി എന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും കെസ് ഇ ബി കാക്കയങ്ങാട് സെക്ഷൻ അസിസ്റ്റൻ്റ് എഞ്ചിനിയർ കെ. കെ. പ്രമോദ് കുമാർ അറിയിച്ചു. മൃത്ദേഹം മുഴക്കുന്ന് പോലിസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ ആശുപത്രിയിലെത്തി.
മട്ടന്നൂർ മുതലക്കലിലെ പുതുക്കളത്തിൽ ഹൗസിൽ സി. കുഞ്ഞിരാമൻ്റെയും വി.വി. കൗസല്യയുടെയും മകനാണ് സന്തോഷ് . ഭാര്യ: സജിനി. മക്കൾ ദേവനന്ദ, വൈഗ (ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: ബാബു, സുഭാഷ് (ഇരുവരും ഓട്ടോ ഡ്രൈവർമാർ ), സുമിത്ര, അനുപമ.