2023-24 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡിൽ അഭിമാന നേട്ടം കരസ്ഥമാക്കി കണ്ണൂർ ജില്ല. ജില്ലയിലെ എട്ട് സർക്കാർ ആശുപത്രികളാണ് പുരസ്‌കാരം നേടിയത്. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സർക്കാർ ആവിഷ്‌കരിച്ചതാണ് ഈ പുരസ്‌കാരം. ജില്ലാതലത്തിൽ 70% ത്തിൽ കൂടുതൽ മാർക്ക് നേടിയ 13 ആശുപത്രികളുടെ വിഭാഗത്തിൽ 74.09% ശതമാനം മാർക്ക് നേടിയ കണ്ണൂർ മാങ്ങാട്ട്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി തെരെഞ്ഞെടുക്കപ്പെട്ടു. മൂന്ന് ലക്ഷം രൂപയാണ് അവാർഡ് തുക. അതോടൊപ്പം ഉപജില്ലാതലത്തിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 10 ആശുപത്രികളിൽ കണ്ണൂരിൽ നിന്ന് പഴയങ്ങാടി താലൂക്ക് ആശുപത്രി 76.59 % മാർക്കോടെ തെരഞ്ഞെടുക്കപ്പെട്ടു. ഒരു ലക്ഷം രൂപയാണ് അവാർഡ് തുക.
നഗര പ്രാഥമികാരോഗ്യ ക്രേന്ദങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ പൊറോറ (89.82%)യ്ക്ക്് 50,000 രൂപ വീതം അവാർഡ് തുക ലഭിക്കുന്നതാണ്.
പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തിൽ ജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക്് ലഭിച്ച എഫ് എച്ച് സി കതിരൂർ (97.5%) രണ്ട് ലക്ഷം രൂപയും ജില്ലയിൽ നിന്ന് 70 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ച എഫ് എച്ച് സി പറശ്ശിനി്ക്കടവ് (97.1%), എഫ് എച്ച് സി വളപട്ടണം (96.2%) എന്നീ സ്ഥാപനങ്ങൾക്ക് 50,000 രൂപ വീതവും ലഭിക്കുന്നതാണ്.
ജില്ലാതലത്തിൽ 70 ശതമാനത്തിലധികം മാർക്ക് നേടിയ എച്ച് ഡബ്ല്യുസി മുള്ളൂൽ 72.5% (അവാർഡ് തുക ഒരു ലക്ഷം) , എച്ച് ഡബ്ല്യുസി വേങ്ങാട് 71.2% (അവാർഡ് തുക 50,000 രൂപ) എന്നീ ജനകീയ ആരോഗ്യ കേന്ദ്രങ്ങളും അവാർഡിനർഹരായി.
ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ (സി.എച്ച്.സി), പ്രാഥമികാരോഗ്യ ക്രേന്ദങ്ങൾ (പി.എച്ച്.സി.), നഗര പ്രാഥമികാരോഗ്യ ക്രേന്ദങ്ങൾ (യു.പി.എച്ച്.എസി), ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ (എച്ച്. ഡബ്ല്യൂ.സി.സബ്-സെന്റർ) എന്നിവയിൽ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികൾക്കാണ് കായകൽപ്പ് അവാർഡ് നൽകുന്നത്. ആശുപത്രികളിൽ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാർഡ് നിർണയ കമ്മിറ്റിയാണ് ഏററവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തത്.