പയ്യന്നൂർ: ജോലി വാഗ്ദാനം നൽകി ഇതര സംസ്ഥാന തൊഴിലാളികളെ വാഹനത്തിൽ കൂട്ടികൊണ്ടു വന്ന് വിജനമായ സ്ഥലത്ത് വെച്ച് കൊള്ളയടിച്ച പ്രതികൾ തമിഴ്നാട്ടിൽ പിടിയിൽ. ചേർത്തല പട്ടണക്കാട് കുഴിവേലിൽ ഹൗസ് എ.എൻ.അനൂപ് (31), തൃശൂർ ചാലക്കുടി കുറ്റിച്ചിറ കാരാപ്പാടം സ്വദേശി കെ.എസ്.അനീഷ് (35) എന്നിവരെയാണ് കണ്ണൂർ റൂറൽ ജില്ല പോലീസ് മേധാവി എം.ഹേമലത ഐപിഎസ്.രൂപം നൽകിയ പയ്യന്നൂർ ഡിവൈ.എസ്.പി.കെ.വിനോദ് കുമാറിൻ്റെ നിയന്ത്രണത്തിലുള്ള ക്രൈം സ്ക്വാഡ് പിടികൂടിയത്.ഇക്കഴിഞ്ഞ മെയ് 30 ന് രാവിലെ 8.30 മണിക്കാണ് സംഭവം. തമിഴ്നാടു
രജിസ്ട്രേഷനുള്ള കാറിൽ തളിപ്പറമ്പിലെത്തിയ കവർച്ച സംഘം പറമ്പിൽ പൂ പറിക്കാനുള്ള ജോലി വാഗ്ദാനം നൽകി വെസ്റ്റ് ബംഗാൾ സ്വദേശികളായനാല് ഇതര സംസ്ഥാന തൊഴിലാളികളെ പരിയാരം അമ്മാനപാറയിലെത്തിച്ച ശേഷം തൊഴിലാളികൾ വസ്ത്രം മാറി കാറിൽ വെച്ച് ശേഷം ജോലിത്തിറങ്ങിയ തക്കം നോക്കി കാറിൽ സൂക്ഷിച്ച അവരുടെ മൊബെൽ ഫോണുകളും
പണവുമായി പ്രതികൾ കടന്നു കളയുകയായിരുന്നു.ഇതര സംസ്ഥാന തൊഴിലാളി തപസ് ചൗധരിയുടെപരാതിയിൽ അന്ന് കേസെടുത്ത പരിയാരം പോലീസിന് പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്തതോടെ പ്രതികൾ അന്ന് താമസിച്ച പറശിനിക്കടവിലെ ലോഡ്ജ് കണ്ടെത്തുകയും നിരീക്ഷണ ക്യാമറയിൽ നിന്നും വാഹന നമ്പറും ലോഡ്ജിൽ നിന്നും ഫോൺ നമ്പറും കണ്ടെത്തിയെങ്കിലും ഫോൺ നമ്പർ ഉപേക്ഷിച്ച പ്രതികൾ വാഹനവുമായി തമിഴ് നാട്ടിലേക്ക് കടക്കുകയായിരുന്നു. വാഹനം പൊളിച്ചു വില്പന നടത്താനുള്ള ശ്രമത്തിനിടെ പ്രതികളെ പൊള്ളാച്ചി കളിയാപുരത്ത് വെച്ചാണ് പോലീസ് സംഘംപിടികൂടിയത്. പിടിയിലായവർക്ക് മറ്റു സ്റ്റേഷനുകളിലുമായി 11 ഓളം കേസുകളുണ്ട്. പരിയാരം സ്റ്റേഷനിലെത്തിച്ച പ്രതികളെ പോലീസ്അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി. പ്രതികളെ റിമാൻ്റ് ചെയ്തു . അന്വേഷണ സംഘത്തിൽ പരിയാരം ഇൻസ്പെക്ടർ എം.പി.വിനീഷ്കുമാർ, എസ്.ഐ.എൻ.പി.രാഘവൻ, ഗ്രേഡ് എസ്.ഐ. വിനയൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഗ്രേഡ് എ.എസ്.ഐ.ഷിജോ അഗസ്റ്റിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നൗഫൽ അഞ്ചില്ലത്ത്, അഷറഫ്, രജീഷ് എന്നിവരും ഉണ്ടായിരുന്നു.