പയ്യന്നൂർ: രാമന്തളിപാലക്കോട് അഴിമുഖത്ത് മണൽത്തിട്ടയിൽ തട്ടി ഫൈബർ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പാലക്കോട് സ്വദേശി കെ.എ. നാസർ (55) ആണ് മരണപ്പെട്ടത്. രണ്ടു പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.ഇന്ന് രാവിലെ 6.30 മണിക്കാണ് അപകടം. പുറംകടലിൽ നിന്ന്
മത്സ്യം പിടിക്കുന്ന ബോട്ടിൽ നിന്നും മത്സ്യം ഹാർബറിലെത്തിക്കാനായി ചെറിയ ഫൈബർ വള്ളത്തിൽ പാലക്കോട് സ്വദേശികളായ നാസറും അജ്മലും ഒഡീഷ സ്വദേശിയും ചേർന്ന് പോകുന്നതിനിടയിലായിരുന്നു നിരവധി അപകടങ്ങൾക്ക് സാക്ഷ്യം വഹിച്ച പാലക്കോട്അഴിമുഖത്തെ മൺതിട്ടയിൽ ഇടിച്ച് വള്ളം മറിഞ്ഞത്.
അപകടത്തിൽപ്പെട്ട നാസറിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിക്കുമ്പോഴെക്കും മരണപ്പെട്ടു.
വിദേശത്ത് ജോലി ചെയ്തിരുന്ന നാസർ നാട്ടിൽ തിരിച്ചെത്തിയ ശേഷം മത്സ്യബന്ധന ജോലി ചെയ്തു വരികയായിരുന്നു.പാലക്കോട്ടെ മുഹമ്മദ് -നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: മൻസൂറ. മകൾ: മസ്ന. സഹോദരങ്ങൾ: അബ്ദുള്ള, ബഷീർ, ഇസ്മായിൽ, ഫൗസിയ. അപകട വിവരമറിഞ്ഞ് കടലിൽ പോയിരുന്ന മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി. നാസറിൻ്റെ ദാരുണാന്ത്യത്തിൽ അനുശോചിച്ച് ഹാർബറിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്.