കമ്പില്‍: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലെ ദുരിതാശ്വാസ നിധിയിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പില്‍ യൂണിറ്റ് സമാഹരിച്ച സംഖ്യ കൈമാറി. കമ്പില്‍ യൂണിറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരിക്ക് യൂണിറ്റ് പ്രസിഡണ്ട് അബ്ദുല്ല നാറാത്താണ് 1,54,600 രൂപ കൈമാറിയത്. എല്ലാകാലത്തും ദുരിതാശ്വാസ-സമാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കമ്പിലിലെയും പരിസരപ്രദേശങ്ങളിലെയും വ്യാപാരികള്‍ എന്നും മുന്നിലായിരുന്നുവെന്നും വേദനിക്കുന്നവര്‍ക്കു വേണ്ടിയുള്ള കനിവും കരുതലും തുടരണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ദേവസ്യ മേച്ചേരി പറഞ്ഞു. ചടങ്ങില്‍ യൂണിറ്റ് ജനറൽ സെക്രട്ടറിസെക്രട്ടറി ഇ പി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറര്‍ എംപി തിലകൻ, സംസ്ഥാന കൗണ്‍സില്‍ അംഗം ഗഫൂര്‍ മയ്യിൽ സംസാരിച്ചു. യൂണിറ്റ് ട്രഷറര്‍ വി പി മുഹമ്മദ് കുട്ടി നന്ദി പറഞ്ഞു. വയനാട് ദുരിതാശ്വാസത്തിനു വേണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് ധനസമാഹരണം നടത്തുന്നത്.