അഴീക്കൽ തുറമുഖം സന്ദർശിച്ചു: അഴീക്കൽ തുറമുഖം ഗോഡൗൺ നിർമ്മാണത്തിനായി 5.5 കോടി രൂപയുടെ ഭരണാനുമതി നൽകി: മന്ത്രി വി എൻ വാസവൻ

kpaonlinenews

അഴീക്കൽ തുറമുഖം ഗോഡൗൺ നിർമ്മാണത്തിനായി 5.5 കോടി രൂപയുടെ ഭരണാനുമതി നൽകി: മന്ത്രി വി എൻ വാസവൻ

അഴീക്കൽ തുറമുഖത്തിന് ഗോഡൗൺ നിർമ്മാണത്തിനായി 5.5 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി
സഹകരണം, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു.

അഴീക്കൽ തുറമുഖം സന്ദർശനത്തിന് ശേഷം ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഏതൊരു തുറമുഖത്തിനും ചരക്ക് സൂക്ഷിക്കാൻ ഗോഡൗൺ ഏറ്റവും അത്യാവശ്യമായ ഘടകമാണെന്നും അതിനാൽ ഇതിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് വേണ്ട കാര്യങ്ങൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

അഴീക്കൽ തുറമുഖത്തിലെ ഡ്രെഡ്ജിങ് പ്രവർത്തനങ്ങൾ മൺസൂൺ കഴിഞ്ഞ് ആരംഭിക്കും. നിലവിലെ 2.5 മീറ്റർ ആഴം നാല് മീറ്ററിൽ കൂടുതലായി ഉയർത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തുറമുഖത്തിന് ശുദ്ധ ജലം ഉറപ്പാക്കുവാൻ രണ്ടു കോടി രൂപയുടെ പദ്ധതി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖം കമ്മീഷൻ ചെയ്തത് അഴീക്കൽ, ബേപ്പൂർ, കൊല്ലം തുറമുഖങ്ങളുടെ വികസന കുതിപ്പിന് കാരണമാകുമെന്നും മദർ ഷിപ്പിൽ (വൻകിട ചരക്ക് കപ്പലുകൾ) വിഴിഞ്ഞത്ത് വരുന്ന കണ്ടെയ്നറുകൾ ഈ തുറമുഖങ്ങളിലേക്ക് അയക്കാൻ സാഹചര്യങ്ങൾ വരികയാണെന്നും മന്ത്രി പറഞ്ഞു. ഇതിനു വേണ്ടിയുള്ള ഡ്രെഡ്ജിങ് പോലുള്ള അടിസ്ഥാന വികസന പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.

ടൂറിസം വികസനത്തിൻ്റെ ഭാഗമായി ക്രൂയിസ് ഷിപ്പ് സർവീസ് വിഴിഞ്ഞം, കൊല്ലം, കൊച്ചി, ബേപ്പൂർ, അഴീക്കൽ ബന്ധിപ്പിച്ച് തുടങ്ങാൻ വേണ്ടിയുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കൊച്ചിയിൽ നിന്ന് ദുബായിലേക്ക് 1200 പേർക്ക് യാത്രചെയ്യാൻ സാധിക്കുന്ന രീതിയിലേക്ക് കപ്പൽ യാത്ര സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയത്ത് ഭാവിയിൽ ഇത്തരം സർവീസുകൾ ബേപ്പൂർ പോലുള്ള തുറമുഖങ്ങളുമായി ബന്ധിപ്പിക്കാൻ സാധിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്.

നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സും കോഴിക്കോട് ചേമ്പർ ഓഫ് കൊമേഴ്സുമായി ഈ മാസം തന്നെ ചർച്ചകൾ നടത്തി ഏറ്റവും അടിയന്തരമായി കാർഗോ സർവീസ് ആരംഭിക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി പറഞ്ഞു.

അഴീക്കൽ തുറമുഖത്തിൻ്റെ പശ്ചാത്തല വികസനത്തിന് വേണ്ടിയുള്ള   പ്രവർത്തനങ്ങൾ ഈ മാസം കൂടുന്ന മാരിടൈം ബോർഡിൻ്റെ മീറ്റിങ്ങിൽ കെ വി സുമേഷ് എം എൽ എ യെ കൂടി ഉൾപ്പെടുത്തി ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

രാവിലെ കെ വി സുമേഷ് എം എൽ എ, മുൻ എം എൽ എ എം പ്രകാശൻ മാസ്റ്റർ, അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, മാരിടൈം ബോർഡ് സി ഇ ഒ ഷൈൻ എ ഹക്ക്, പോർട്ട് ഓഫീസർ ടി ദീപൻ കുമാർ, ജനപ്രതിനിധികൾ, നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് ടി കെ രമേഷ് കുമാർ, അംഗങ്ങൾ, വിവിധ ഉദ്യോഗസ്ഥർ എന്നിവരോടൊപ്പമാണ് തുറമുഖം സന്ദർശിച്ചത്. തുറമുഖ വകുപ്പ് മന്ത്രിയായി ചുമതല എടുത്തതിന് ശേഷം ആദ്യമായിട്ടാണ് മന്ത്രി അഴീക്കൽ പോർട്ട് സന്ദർശിച്ചത്.

Share This Article
error: Content is protected !!