കണ്ണാടിപ്പറമ്പ്: മാസങ്ങളായി അപകടാവസ്ഥയിലായ കണ്ണാടിപ്പറമ്പ്-കാട്ടാമ്പള്ളി-വെണ്ടോട് റോഡിലെ പാലം പൊളിച്ചുനീക്കി. നാറാത്ത് പഞ്ചായത്ത് അധികൃതര്‍ ജെ.സി.ബി ഉപയോഗിച്ചാണ് ഇന്ന് രാവിലെ പൊളിച്ചുമാറ്റിയത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. പാലം ദ്രവിച്ച് അപകടാവസ്ഥയിലാവുകയും മാസങ്ങള്‍ക്കു മുമ്പേ ഗതാഗതം നിരോധിക്കുകയും ചെയ്തിരുന്നെങ്കിലും സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ ഇതുവഴി കടന്നുപോയിരുന്നു. പൊട്ടിവീഴാറായ പാലത്തിലൂടെയുള്ള അപകടകരമായ യാത്രയെ കുറിച്ച് കണ്ണാടിപ്പറമ്പ ഓണ്‍ലൈന്‍ ന്യൂസ് ഉള്‍പ്പെടെ റിപോര്‍ട്ട് നല്‍കിയിരുന്നു. കഴിഞ്ഞ ആഴ്ച പെയ്ത കനത്ത മഴയില്‍ വെണ്ടോട് റോഡില്‍ വെള്ളം കയറിയതു കാരണം വാഹനഗതാഗതം കൂടുതല്‍ ദുഷ്‌കരമായി മാറിയിരുന്നു. വയല്‍ ഉള്‍പ്പെടെ മുങ്ങുകയും പാലം കൂടുതല്‍ അപകടാവസ്ഥയിലാവുകയും ചെയ്തു. പാലത്തിന്റെ അടിഭാഗം പൂര്‍ണമായും അടര്‍ന്നിട്ട് മാസങ്ങളായി. പുല്ലൂപ്പി, പാറപ്പുറം ഭാഗങ്ങളില്‍ നിന്ന് എളുപ്പത്തില്‍ കാട്ടാമ്പള്ളിയിലേക്കും തിരിച്ചും പോവാനുള്ള റോഡാണിത്. പാലത്തിലൂടെയുള്ള യാത്ര അത്യന്തം അപകടകരമായതോടെയാണ് പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് പാലം പൊളിച്ചുമാറ്റിയത്. മഴ മാറിയാല്‍ പ്രവൃത്തി തുടങ്ങുമെന്ന് നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശന്‍ കണ്ണാടിപ്പറമ്പ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.