കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണം 387 ആയി. ഇതിൽ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരിൽ 8 പേരുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. ശേഷിച്ചവരുടെ സംസ്കാരം ഇന്ന് നടക്കും. ഓദ്യോഗിക കണക്കനുസരിച്ച് 221 പേരാണ് മരിച്ചത്. ഇനിയും 180 പേരെ കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. അതേസമയം ചൂരൽമലയ്ക്ക് മുകളിലേക്ക് തെരച്ചിലിനായി പോകുന്നവരുടെ എണ്ണത്തിൽ ഇന്ന് നിയന്ത്രണം ഏർപ്പെടുത്തും. എണ്ണം കൂടുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് നടപടി.
മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനായി രാവിലെ തെരച്ചിൽ പുനരാരംഭിക്കും. വീടുകൾക്കുമേൽ നാൽപത് അടിയോളം ഉയരത്തിൽ കല്ലും മണ്ണും അടിഞ്ഞിരിക്കുന്നതാണ് തെരച്ചിലിന് വെല്ലുവിളിയാകുന്നത്. ചൂരൽമല സ്കൂൾ, വെള്ളാർമല വില്ലേജ് ഓഫീസ് പരിസരങ്ങളിലാണ് പരിശോധന തുടരുന്നത്. മലപ്പുറത്ത് ചാലിയാറിലും മൃതദേഹങ്ങൾ കണ്ടെത്താനായി വ്യാപകമായ തെരച്ചിൽ തുടരുകയാണ്. ഇനിയും 180 പേരെ കണ്ടെത്താനുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ കണക്ക്. 17 ക്യാമ്പുകളിലായി 2551 പേരെ ദുരന്തമുഖത്തു നിന്നും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ഉറ്റവരെ നഷ്ടപ്പെട്ടവരുടെ മുന്നിൽ തീരാ നോവായിരിക്കുകയാണ് വയനാട് മുണ്ടക്കൈ. ഉരുൾപൊട്ടലിൽ മരിച്ച തിരിച്ചറിയാനാകാത്ത 67 മൃതദേഹങ്ങളിൽ എട്ട് മൃതദേഹങ്ങൾ ഇന്നലെ രാത്രി സംസ്കരിച്ചു. പുത്തുമലയിലെ ഹാരിസൺ മലയാളത്തിന്‍റെ ഭൂമിയിലാണ് മൃതദേഹങ്ങൾ രാത്രി 10 മണിയോടെ സംസ്കാരച്ചത്. നേരത്തെ 67 മൃതദേഹങ്ങളും ഒരുമിച്ച് സംസ്കരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അഴുകിത്തുടങ്ങിയ 8 മൃതദേഹങ്ങളാണ് സംസ്ക്കരിക്കുകയെന്ന് പിന്നീട് മന്ത്രി രാജൻ വാർത്താസമ്മേളനം നടത്തിഅറിയിക്കുകയായിരുന്നു. സർവ്വമത പ്രാർത്ഥനയോടെയാണ് മൃതദേഹങ്ങൾ സംസ്കരിച്ചത്.