പൈപ്പുകള്‍ തികഞ്ഞില്ല:കാര്യാംപറമ്പ് കസ്തൂര്‍ബ നഗറിലെ കുടിവെളള പദ്ധതി പാതിവഴിയില്‍ തന്നെ.

kpaonlinenews


മയ്യില്‍: കടുത്ത കുടിവെള്ള ക്ഷാമത്തില്‍ പൊറുതിമുട്ടിയ ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് അനുവദിച്ച ജലനിധി കുടിവെള്ള പദ്ധതി ഇനിയുമകലെ. കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ കാര്യാംപറമ്പിലെ ഭൂദാനം കസ്തൂര്‍ബ നഗറിലെ താമസക്കാര്‍ക്കാണ് പൈപ്പുകള്‍ വഴി വീടുകളില്‍ വെള്ളമെത്തിക്കാനുള്ള പദ്ധതി അഞ്ച് മാസമായിട്ടും പൂര്‍ത്തീകരിക്കാത്ത നിലയിലുള്ളത്. ഇവിടെയുള്ള 35 ലധികം കുടുംബങ്ങള്‍ക്കായി ഒരു പൊതുകിണറാണുള്ളത്. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ജലനിധി പദ്ധതി വഴി ലഭിക്കുന്ന വെള്ളം കലങ്ങിയതായതിനാല്‍ പൈപ്പുകളും സംഭരണിയും മാറ്റി പുതിയത് സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നത്. ഏകദേശം ഒന്നര കിലോമീറ്റര്‍ ദൂരത്തുള്ള പഴശ്ശി മണിയീങ്കീല്‍ വയലിലെ കിണറില്‍ നിന്നാണ് ഇവിടേക്ക് വെള്ളം പമ്പു ചെയ്യേണ്ടത്. എന്നാല്‍ ഇതിനായുള്ള പൈപ്പുകളും മറ്റും സ്ഥാപിച്ചെങ്കിലും സംഭരണിയിലേക്ക് ഇനിയും വെള്ളമെത്തിക്കാന്‍ സാധിച്ചിട്ടില്ല. ഇവിടെ നേരത്തെയുണ്ടായിരുന്ന സുവര്‍ണജലധാര പദ്ധതി വഴിയാണ് നിലവില്‍ വെള്ളമെത്തിക്കുന്നത്. ഇതുവഴി വേനല്‍ക്കാലത്ത് ആവശ്യത്തിന് വെള്ളം ലഭിക്കുകയുമില്ല. ജലനിധി പൈപ്പുകള്‍ സ്ഥാപിക്കാനായി കരാറേറ്റെടുത്തയാള്‍ മറ്റൊരിടത്തെ് പ്രവൃത്തി പൂര്‍ത്തികരിക്കാനായി പോയതാണെന്നാണ് ആരോപണം.

ഫില്‍ട്ടറും പൈപ്പുകളും ഇനിയും വേണം:
പഴശ്ശിയില്‍ നിന്ന് ഒന്നരക്കിലോമീറ്റര്‍ ദൂരത്തേക്ക് പമ്പ് ചെയ്യുന്നതിനായി സ്ഥാപിച്ച പൈപ്പുകള്‍ ആവശ്യത്തിന് തികയാത്തതും ഫില്‍ട്ടറുകള്‍ ആവശ്യമായി വന്നതുമാണ് പദ്ധതി പൂര്‍ത്തീകരിക്കാന്‍ കാലതാമസം നേരിട്ടത്. ഇതിനായി ആവശ്യപ്പെട്ടിട്ടുമുണ്ട്. ഫില്‍ട്ടറുകള്‍ ഇല്ലാതെ പമ്പ് ചെയ്തതില്‍ ചെളിവെള്ളം വീണ്ടും കണ്ടെത്തിയതോടെ ടെന്‍ഡറില്‍ ഭേദഗതി വരുത്തി പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.
അഡ്വ. ജിന്‍സി പ്രകാശ്
പഞ്ചായത്തംഗം കുറ്റിയാട്ടൂര്‍.

Share This Article
error: Content is protected !!