കണ്ണൂർ : കുട്ടികളുൾപ്പെടെയെത്തുന്ന ബീച്ചുകളിൽ തെരുവുനായ്ക്കളുടെ സാന്നിധ്യം ഒഴിവാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.
മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് പരിസരങ്ങളിൽ തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് മുഴപ്പിലങ്ങാട് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.
2023 ഫെബ്രുവരി 14-ന് മൈസൂരുവിൽനിന്നെത്തിയ രണ്ട് കുട്ടികളെ തെരുവുനായ്ക്കൾ കടിച്ച് പരിക്കേൽപ്പിച്ച സംഭവം സംബന്ധിച്ച പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ചുമതലയിലാണെന്നും ശുചിത്വ പരിപാലനത്തിന് 16 അംഗ കുടുംബശ്രീ പ്രവർത്തകരെ അനുവദിച്ചിട്ടുണ്ടെന്നും മുഴപ്പിലങ്ങാട് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി കമ്മിഷനെ അറിയിച്ചു.
ഗ്രാമപ്പഞ്ചായത്തിൽ നിലവിലുള്ള 100 തെരുവുനായ്ക്കൾക്ക് പ്രജനനനിയന്ത്രണത്തിനായി 15,000 രൂപ കൈമാറിയിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ മുഴുവൻ വളർത്തുനായ്ക്കൾക്കും വാക്സിനേഷൻ നൽകും. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്ക് പിഴ ചുമത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.