കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണ സംഖ്യ ഉയരുകയാണ്. ഇന്ന് രാവിലെയോടെ മരണം 264 ആയി ഉയർന്നു. കനത്ത മഴ രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ടെങ്കിലും ബെയ്‌ലി പാലം നിർമാണം പൂർത്തിയാക്കാനൊരുങ്ങുകയാണ് സൈന്യം. നിലവിൽ പാല നിർമാണം അവസാനഘട്ടത്തിലാണ്. ഇന്ന് ഉച്ചയ്ക്ക് മുമ്പ് പാലത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് സൈന്യത്തിന്‍റെ പ്രതീക്ഷ. ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വീണ്ടും ഉരുൾപൊട്ടൽ സാധ്യയുണ്ടെന്നാണ് ജാഗ്രതാ നിർദ്ദേശം. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മണ്ണലടിഞ്ഞ ജീവന്‍റെ തുടിപ്പുകൾ തേടി രക്ഷാ പ്രവർത്തനം തുടരുകയാണ്.ഇനിയും 240 പേരെ കണ്ടെത്താനുണ്ട്. അതിനായുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്ന് നടന്നുവരുന്നത്.