ശ്രീകണ്ഠപുരം : പുഴയിൽ ചാടിയ 65-കാരിയെ രക്ഷപ്പെടുത്തി മത്സ്യത്തൊഴിലാളികൾ. കഴിഞ്ഞദിവസം വൈകിട്ടാണ് മലപ്പട്ടം മുനമ്പ്കടവ് പാലത്തിൽനിന്ന് മൈക്കിൾഗിരി സ്വദേശിനി പുഴയിലേക്ക് ചാടിയത്. പേഴ്‌സ് പാലത്തിൽവെച്ച ശേഷമാണ് ചാടിയത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ചിലർ ശ്രീകണ്ഠപുരം എസ്.ഐ. പി.പി.അശോക് കുമാറിനെ വിവരമറിയിച്ചു. അതിനിടയിൽ പാലത്തിൽനിന്ന് കിലോമീറ്ററോളം അകലെയുള്ള കുറുമാത്തൂരിൽ മനുഷ്യശരീരംപോലെ എന്തോ ഒഴുകിവരുന്നതായി കണ്ട പ്രദേശവാസി മത്സ്യത്തൊഴിലാളിയായ മുഹമ്മദ് ആലക്കണ്ടിയെ അറിയിച്ചു. തുടർന്ന് മുഹമ്മദും സഹപ്രവർത്തകരായ ബഷീർ, നൗഷാദ്, ഷഫീഖ് എന്നിവരും ചേർന്ന് കുത്തൊഴുക്കുള്ള പുഴയിൽ തോണിയുമായി ചെന്ന് വയോധികയെ രക്ഷപ്പെടുത്തി.
വയോധികയെ പോലീസ് സ്റ്റേഷനിലെത്തിച്ച ശേഷമാണ് രക്ഷാസംഘം മടങ്ങിയത്. ശ്രീകണ്ഠപുരം സി.ഐ. രാജേഷ് മാരാംഗലത്തും എസ്.ഐ. എം.വി.ഷീജുവും വയോധികക്ക് കൗൺസലിങ് നൽകിയ ശേഷം ബന്ധുക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു.