ശ്രീകണ്ഠപുരം : ഞായറാഴ്ച പുലർച്ചെ ആഞ്ഞുവീശിയ കാറ്റിൽ ശ്രീകണ്ഠപുരം, ചെങ്ങളായി, മൈക്കിൾഗിരി ഭാഗങ്ങളിൽ കനത്ത നാശം. ചെങ്ങളായിയിൽ കെട്ടിടങ്ങളുടെ മേൽ പാകിയ ഷീറ്റുകൾ പാറിപ്പോയി. ചെങ്ങളായി ടൗണിൽ ഓട്ടോപാർക്കിങ്ങിനടുത്ത മൂന്ന് നില കെട്ടിടത്തിന്റെയും ചെങ്ങളായി പി.എച്ച്.സി കെട്ടിടത്തിന്റെയും മേൽക്കൂരയിലെ ഷീറ്റുകളാണ് കാറ്റിൽ നിലം പതിച്ചത്. മറുനാടൻ തൊഴിലാളികൾ താമസിക്കുന്ന ആറ് മുറികളുടെ മേൽക്കൂരയാണ് തകർന്നത്. തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പുലർച്ചെയായതിനാലും റോഡിലേക്ക് വീഴാത്തതിനാലുമാണ് വൻ ദുരന്തം ഒഴിവായത്.
ചെങ്ങളായി അരിമ്പ്രയിലുള്ള പി.എച്ച്.സി. കെട്ടിടത്തിന്റെ ഷിറ്റ് ചെങ്ങളായി മാപ്പിള എൽ.പി. സ്കൂൾ റോഡിലേക്കാണ് പതിച്ചത്. ഇതുവഴി വാഹനഗതാഗതവും തടസ്സപ്പെട്ടു. ശ്രീകണ്ഠപുരം കോട്ടൂരിൽ അടച്ചിട്ട കടയുടെ മുകളിൽ മരം വീണു. എസ്.ഇ.എസ്. കോളേജ് സ്റ്റോപ്പിലെ പഴയ കെട്ടിടത്തിനു മുകളിലാണ് മരം പതിച്ചത്. കെട്ടിത്തിന്റെ മേൽക്കൂര തകർന്നു.