കല്യാശ്ശേരി : റെയിൽപ്പാളത്തിന് കിഴക്കും പടിഞ്ഞാറും ഭാഗത്തായി കിടക്കുന്ന കല്യാശ്ശേരി പഞ്ചായത്തിലെ രണ്ടു ഭാഗങ്ങളെ ബന്ധിപ്പിച്ച് ഇരിണാവിൽ റെയിൽവേ മേൽപ്പാലത്തിന് സാധ്യത തെളിഞ്ഞു.
പതിറ്റാണ്ടുകളായി ഉയരുന്ന ജനകീയാവശ്യത്തിനാണ് ഇപ്പോൾ റെയിൽവേ അംഗീകാരം നൽകിയത്. ഇതിന്റെ പ്രാഥമിക പഠനമടക്കുള്ള പ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപയും റെയിൽവേ അനുവദിച്ചു. നിലവിലുള്ള 251 നമ്പർ ഗേറ്റിന് മുകളിലൂടെയാണ് മേൽപ്പാലം ഉയരുക.
കല്യാശ്ശേരി പഞ്ചായത്തിൽ റെയിൽവേ പാളത്തിന് കിഴക്ക് ഭാഗം 12 വാർഡുകളും പടിഞ്ഞാറ് ഭാഗത്ത് ആറു വാർഡുകളുമാണ് ഉള്ളത്. ദീർഘകാലം ഇരിണാവിൽ റെയിൽവേ ക്രോസിങ്ങ് പോലും റെയിൽവേ അനുവദിച്ചിരുന്നില്ല. തുടർന്ന് നിരവധി പ്രക്ഷോഭങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ പഞ്ചായത്ത് തന്നെ അരകോടിയോളം രൂപ റെയിൽവേക്ക് നൽകിയാണ് 19 വർഷം മുൻപ് റെയിൽവേ ക്രോസിങ്ങും ഗേറ്റും അനുവദിച്ചത്.
പഞ്ചായത്തിന്റെ ഇരു ഭാഗവും വലിയ തോതിൽ ജനവാസ മേഖല കൂടിയാണ്. പുതിയ മേൽപ്പാലം വരുന്നതോടെ പറശ്ശിനിക്കടവ് ഭാഗത്ത് നിന്നും മാട്ടൂൽ മടക്കര ഭാഗങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാനാകും.റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമായാൽ യാത്രാ ക്ലേശത്തിന് വലിയ ആശ്വാസമാകും.