കണ്ണാടിപ്പറമ്പ്: മൂന്ന് ദിവസമായി തുടരുന്ന മഴയും ഇന്നലെ രാത്രി വീശിയടിച്ച ചുഴലിക്കാറ്റും കാരണം
കണ്ണുര്‍ ജില്ലയിലെ വൈദ്യുതി മേഖലയ്ക്ക് ഉണ്ടാക്കിയത് കോടികളുടെ നാശനഷ്ടങ്ങള്‍. കൊളച്ചേരി, നാറാത്ത്, കണ്ണാടിപ്പറമ്പ്, മയ്യില്‍ മേഖലയിലും നാശനഷ്ടങ്ങളുണ്ടായി. പൂര്‍ണമായും ഇരുട്ടിലായിപ്പോയ മേഖലകളില്‍ വൈദ്യുതിയെത്തിക്കാന്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ രാപ്പകലില്ലാതെ സേവനത്തിലാണ്. മരങ്ങള്‍ വെട്ടിമാറ്റിയും തൂണുകള്‍ പുനസ്ഥാപിച്ചും മറ്റുമാണ് പലയിടത്തും വൈദ്യുതിയെത്തിച്ചത്.
എച്ച്.ടി ഫീഡറുകളില്‍ മരങ്ങള്‍ കടപുഴകിയതിന്റെ ഭാഗമായി ജില്ലയില്‍ കണ്ണുര്‍, പയ്യന്നൂര്‍, തലശ്ശേരി, ഇരിട്ടി ഡിവിഷനുകളിലായി എല്ലായിടത്തും വൈദ്യുതി മുടക്കം നേരിട്ടു. രാത്രിയില്‍ ഉള്‍പ്പെടെ ജീവനക്കാര്‍ വൈദ്യുതി തിരിച്ചെത്തിക്കാനുള്ള കഠിന പ്രയത്നത്തിലാണ്. മൂന്ന് ലക്ഷത്തിനടുത്ത് ഉപഭോക്താക്കളാണ് കാറ്റടിച്ചതോടെ ഇരുട്ടിലായത്. രാത്രിയാണ് ഫീഡറുകള്‍ തകരാറിലായതും ലൈനുകള്‍ പൊട്ടിവീണതുമായ പരാതികള്‍ വലിയ തോതില്‍ എത്തിത്തുടങ്ങിയത്. പൊട്ടിവീണ ലൈനുകളില്‍ നിന്നും ആര്‍ക്കും അപകടം സംഭവിക്കാതിരിക്കാന്‍ വളരെയധികം കരുതലോടെയാണ് പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്. 1894 ട്രാന്‍സ്ഫോര്‍മറുകളില്‍ വൈദ്യുതി എത്തിക്കാനാവാത്ത വിധം 204 ഹൈടെന്‍ഷന്‍ പോസ്റ്റുകളാണ് തകര്‍ന്നത്. 33 കെ.വി ലൈനുകള്‍ക്കും 11 കെവി ലൈനുകള്‍ക്കും വ്യാപകമായ തകരാറുകള്‍ സംഭവിച്ചു. 880 ലോടെന് ഷന് പോസ്റ്റുകളും പൊട്ടിവീണു. 2180സ്ഥലങ്ങളില്‍ ലൈനുകള്‍ മുറിഞ്ഞു വീണു. 5.7 കോടി രൂപയുടെ നഷടമാണ് മൂന്ന് ദിവസം കൊണ്ട് കണ്ണൂര്‍ ജില്ലയിലെ വൈദ്യുതി വിതരണ മേഖലയ്ക്ക് ഉണ്ടായിരിക്കുന്നത്.
എല്ലായിടത്തും ഒരു പോലെ നാശന!ഷ്ടങ്ങള്‍ സംഭവിച്ചത് വൈദ്യുതി പുന:സ്ഥാപന പ്രവര്‍ത്തനങ്ങളെ ബിദ്ധിമുട്ടേറിയതാക്കുന്നുണ്ട്. അതാതിടങ്ങളില്‍ ലഭ്യമായ ജീവനക്കാരേയും കരാര്‍ തൊഴിലാളികളേയും മുഴുവനായി ഉപയോഗപ്പെടുത്തുന്നുണ്ട്. പൊട്ടി വീണ ലൈനുകളില്‍ നിന്നുമുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി അവയില്‍ വൈദ്യുതി ബന്ധം ഇല്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്. തുടര്‍ന്ന് ഹൈടെന്‍ഷന്‍ ഫീഡറുകളിലേയും ട്രാന്‍സ്ഫോര്‍മറുകളുടെയും വൈദ്യുതി വിതരണം ശരിയാക്കുന്നതിനായി മുന്‍ ഗണന നല്‍കും. ഒട്ടനവധി പേര് ഒരേ സമയം വിളിക്കാന്‍ ശ്രമിക്കുന്നത് കൊണ്ട് സെക്ഷന്‍ ഓഫീസുകളിലെ ഫോണ്‍ തിരക്കാവുന്നതിനാല് വിവരങ്ങള്‍ അറിയാന്‍ താമസം നേരിടുന്നുണ്ട്. ലൈന്‍ പൊട്ടിവീണ് അപകട സാധ്യതയുള്ളതിന്റെ വിവരങ്ങള്‍ 9496010101 എന്ന ഹോട്ട് ലൈന്‍ നമ്പറില്‍ അറിയിക്കാം. മറ്റ് പരാതികള്‍ 9496001912 എന്ന ടോള്‍ഫ്രീ നമ്പറിലും അറിയിക്കാന്‍ സൗകര്യമുണ്ട്. പ്രതികൂല കാലാവസ്ഥയാണ് വൈദ്യുതി തടസ്സത്തിനും സേവനങ്ങള്‍ക്കുള്ള കാലതാമസത്തിനും കാരണം എന്ന ബോധ്യത്തോടെ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളുമായി ജീവനക്കാരോട് സഹകരിക്കണമെന്ന് ഉത്തര മലബാര്‍ വിതരണവിഭാഗം ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. ഈ കാലവര്‍ഷത്തില്‍ ജില്ലയില്‍ ഇത് വരെയായി 28 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും ഇവ പരിഹരിക്കുന്നതിന് ജീവനക്കാര്‍ രാപ്പകല്‍ പ്രവര്‍ത്തനം നടത്തി വരുന്നുണ്ടെന്നും അറിയിച്ചു.