കണ്ണൂര്‍: വടക്കന്‍ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകാന്‍ തളിപ്പറമ്പില്‍ സൂ സഫാരി പാര്‍ക്ക് ആരംഭിക്കുന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ തയ്യാറായി. കൂടുകളില്‍ അല്ലാതെ സ്വഭാവിക വനാന്തരീക്ഷത്തില്‍ മ്യഗങ്ങള്‍ക്കും പക്ഷികള്‍ക്കും വിഹരിക്കാന്‍ കഴിയുന്ന തരത്തിലാണ് പാര്‍ക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിലവിലുള്ള പ്രകൃതി അതുപോലെ നിലനിര്‍ത്തി സ്വഭാവികവനവല്‍ക്കരണം നടത്തിയാണ് പാര്‍ക്കിന്റെ രൂപകല്‍പ്പന. സഞ്ചാരികളെ കവചിത വാഹനങ്ങളിലാണ് പാര്‍ക്കിലൂടെ യാത്ര ചെയ്യിപ്പിക്കുക. പാര്‍ക്കിനോട് അനുബന്ധമായി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മഴവെള്ള സംഭരണി, നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം എന്നിവയും ഉണ്ടാവും. പ്ലാന്റേഷന്‍ കോര്‍പറേഷനിലെ ജീവനക്കാരെ നിര്‍ദിഷ്ട പാര്‍ക്കിന്റെ ഭാഗമാക്കും. സൂ സഫാരി പാര്‍ക്ക് യാഥാര്‍ഥ്യമാവുന്നതോടെ തളിപ്പറമ്പ്-ആലക്കോട് സംസ്ഥാന പാതയുടെ വശത്തായി സ്ഥിതി ചെയ്യുന്ന പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കൈവശമുള്ള ഭൂമിയിലാണ് നിര്‍ദ്ദിഷ്ട പാര്‍ക്ക് സ്ഥാപിക്കുക. ഇതിനായി 256 ഏക്കര്‍ ഭൂമി വിട്ടുനല്‍കാന്‍ കൃഷി വകുപ്പ് തീരുമാനിച്ചു. നാടുകാണി ഡിവിഷനിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കൈവശമുള്ള ഭൂമി റവന്യൂ വകുപ്പിന് വിട്ടു നല്‍കാനുള്ള നിരാക്ഷേപ പത്രമാണ് നല്‍കിയത്. റവന്യൂ വകുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 10 ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.