കണ്ണൂർ: വ്യാഴാഴ്ച രാത്രിയുണ്ടായ കനത്ത കാറ്റിലും മഴയിലും കളക്ടറേറ്റ് അനക്സിന് പിൻവശത്തെ കൂറ്റൻ മരങ്ങൾ കടപുഴകി. രണ്ട് കാറുകൾ പൂർണമായും നാല് കാറുകൾ ഭാഗികമായും തകർന്നു. അനക്സ് വളപ്പിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് മുകളിലാണ് മൂന്ന് മരങ്ങൾ കടപുഴകിയത്. സമീപത്തെ നിരവധി മരക്കൊമ്പുകളും അനക്സ് കെട്ടിടത്തിന്റെ മുകളിലേക്ക് വീണു. കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഒരുഭാഗത്തെ ഷീറ്റ് തകർന്നു. കളക്ടറേറ്റ് മൈതാനത്തോട് ചേർന്നുള്ള ചുറ്റുമതിലും ഇടിഞ്ഞു. നിർത്തിയിട്ടിരുന്ന ഒരു കാറിലുണ്ടായിരുന്ന ആൾ അദ്‌ഭുതകരമായാണ് രക്ഷപ്പെട്ടത്.
രാത്രി 7.30-ഓടെയാണ് അപകടം. അഗ്നിരക്ഷാസേനാംഗങ്ങളെത്തി ഏറെനേരം പരിശ്രമിച്ചാണ് കടപുഴകിയ മരങ്ങൾ മുറിച്ചുമാറ്റിയത്. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ടി. സുകുമാരൻ, സേനാംഗങ്ങളായ പി.എം. വൈശാഖ്, വി.കെ. റസീഫ്, കെ.പി. നസീർ, കെ. അമിത, ടി. ആനന്ദ്, ഹോംഗാർഡ് ലക്ഷ്മണൻ എന്നിവരാണ് അഗ്നിരക്ഷാസേനയിലുണ്ടായിരുന്നത്.