ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂർ ഉൾപ്പെടെ നാലു ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ മുതൽ മഴ തീവ്രമാകുമെന്ന് മുന്നറിയിപ്പ്

kpaonlinenews

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. നാലു ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ മുതൽ വടക്കൻ ജില്ലകളിൽ അതിശക്ത മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. ഞായറാഴ്ച പാലക്കാട് മുതൽ കാസർകോട് വരെയുള്ള ആറ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള തീരത്ത് ഇന്നു രാത്രി 08:30 മുതൽ നാളെ രാത്രി 11:30 വരെയും, തമിഴ്‌നാട് തീരത്ത് ഇന്നു രാത്രി 11:30 വരെയും കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കുക

Share This Article
error: Content is protected !!