മാസപ്പടി പോലെ വിദ്യാഭ്യാസ സിലബസും ഗഡുക്കളാക്കി മാറ്റി:പി.മുഹമ്മദ് ഷമ്മാസ്
കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് യൂണിവേഴ്സിറ്റികളിൽ സിലബസ് പോലും ഇപ്പോൾ ഗഡുക്കളാക്കി നൽകുകയാണെന്നും മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങുന്നതിനോടുള്ള ഐക്യദാർഢ്യമാണ് വിദ്യാഭ്യാസ സിലബസും ഗഡുക്കളാക്കി മാറ്റിയതിലൂടെ വകുപ്പ് മന്ത്രി കാണിക്കുന്നതെന്നും
കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. അധിക ബാച്ചുകൾ അനുവദിച്ച് മലബാറിലെ പ്ലസ് വൺ സീറ്റ് വിഷയം അടിയന്തരമായി പരിഹരിക്കുക,കണ്ണൂർ യൂണിവേഴ്സിറ്റി എഫ്.വൈ.യു.ജി.പി – മുഴുവൻ സെമസ്റ്റർ സിലബസും അടിയന്തരമായി പ്രസിദ്ധീകരിക്കുക, ശനിയാഴ്ച പ്രവർത്തി ദിനം ആക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി പിൻവലിക്കുക,സ്കോളർഷിപ്പുകൾ ,ഇ- ഗ്രാൻഡ്‌സ് എന്നിവ വിദ്യാർത്ഥികൾക്ക് ഉടൻ ലഭ്യമാക്കുക, വിദ്യാഭ്യാസ മേഖലയോടുള്ള സർക്കാർ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞ നിലയിൽ അവതാളത്തിലായെന്നും ഭരണകൂടത്തിന്റെ അനാസ്ഥയുടെ ഫലമാണ് ഇന്ന് കാണുന്ന പ്രതിസന്ധിയെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.സിലബസുകൾ കൃത്യമായി നൽകാത്ത സർക്കാർ നടപടിയും യൂണിവേഴ്സിറ്റി നടപടികളും വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണ്.
വിദ്യാർഥികൾക്ക് ജീവിത ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള വഴികൾ തിരഞ്ഞെടുക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസം പോലും സർക്കാർ നടപടികളിലൂടെ തകരുന്ന അവസ്ഥയാണെന്നും,വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ തുടരാനാണ് ഭാവമെങ്കിൽ മന്ത്രിമാരെ തെരുവിൽ കൈകാര്യം ചെയ്യാൻ വേണ്ടിവന്നാൽ ഞങ്ങളും മുഖ്യമന്ത്രിയുടെ ജീവൻ രക്ഷാമാർഗങ്ങളും രക്ഷാപ്രവർത്തനങ്ങളും എല്ലാം പുറത്തെടുക്കാൻ മടിക്കില്ലെന്നും പി.മുഹമ്മദ് ഷമ്മാസ് കൂട്ടിച്ചേർത്തു.
ഡി.സി.സി ഓഫിസിൽ നിന്നും പ്രകടനമായെത്തിയെ കെ.എസ്.യു പ്രവർത്തകരെ കലക്ടറേറ്റിന് മുന്നിൽ പോലീസ് തടഞ്ഞു. ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് മുദ്രാവാക്യം വിളിച്ച് മുന്നോട്ട് പോയ പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.ഏറെ നേരത്തെ ബലപ്രയോഗത്തിനും വാക്കേറ്റത്തിനുമൊടുവിൽ ജില്ലാ പ്രസിഡന്റ് എം.സി അതുൽ ഉൾപ്പടെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ജില്ലാ പ്രസിഡന്റ് എം.സി അതുൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി,സംസ്ഥാന നിർവാഹക സമിതി അംഗം ആകാശ് ഭാസ്കരൻ,ജില്ലാ വൈസ് പ്രസിഡന്റുമാരായ ആഷിത്ത് അശോകൻ,ഹരികൃഷ്ണൻ പാളാട്,അമൽ തോമസ്,മുഹമ്മദ് റാഹിബ്,രാഗേഷ് ബാലൻ,അർജുൻ കോറോം,ഹർഷരാജ് സി.കെ,അനഘ രവീന്ദ്രൻ,റയീസ് തില്ലങ്കേരി,മുബാസ് സി.എച്ച്,അക്ഷയ് മാട്ടൂൽ,സുഫൈൽ സുബൈർ,അജ്സാം മയ്യിൽ,തീർത്ഥ നാരായണൻ,സൂരജ് പരിയാരം,ചാൾസ് സണ്ണി,അക്ഷര കെ.കെ,അർജുൻ ചാലാട്,നവനീത് ഷാജി,വൈഷ്ണവ് കായലോട്,സൂര്യ തേജ് എ എം,അൽത്താഫ് എം,ശ്രീരാഗ് പുഴാതി,മുഹമ്മദ് നിഹാൽ,റിസ്വാൻ സി.എച്ച്,ഹരീഷ്മ കെ, അഭിജിത്ത് കാപ്പാട്, പ്രകീർത്ത് മുണ്ടേരി എന്നിവർ നേതൃത്വം നൽകി.