തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ബുധനാഴ്‌ച രാവിലെ 10ന് തുടങ്ങും. 21ന് വൈകീട്ട് അഞ്ച് വരെ പ്രവേശനം നേടാം. അലോട്ട്‌മെന്റ് വിവരങ്ങൾ www.hscap.kerala.gov.inൽ വഴി ലഭ്യമാകും. താൽക്കാലിക പ്രവേശനത്തിലുള്ള വിദ്യാർഥികൾക്ക് ഹയർ ഓപ്‌ഷൻ നിലനിർത്താൻ ഇനി അവസരം ഉണ്ടായിരിക്കില്ല. ഈ വിദ്യാർഥികൾ ഈ ഘട്ടത്തിൽ സ്ഥിരം പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത വിദ്യാർഥികളെ സപ്ലിമെന്ററി അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല.
മുൻ അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയ എനിക്ക് മൂന്നാം അലോട്ട്മെന്റിൽ ഓപ്‌ഷൻ മാറ്റമുണ്ട് എന്ത് ചെയ്യണം?
മൂന്നാം അലോട്ട്മെന്റിൽ ഹയർ ഓപ്‌ഷൻ ലഭിച്ചിട്ടുണ്ടെങ്കിൽ പുതുതായി ലഭിച്ച കോഴ്സ്/സ്കൂൾ ഓപ്‌ഷനിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. പുതിയ സ്കൂളാണ് ലഭിച്ചതെങ്കിൽ താത്ക്കാലിക പ്രവേശനം നേടിയ സ്കൂളിൽ നിന്ന് പ്രവേശന സമയത്ത് നൽകിയ രേഖകൾ വാങ്ങി ഇപ്പോൾ അലോട്ട്മെന്റ് ലഭിച്ച സ്ക്കൂളിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം.
മുൻ അലോട്ട്മെന്റിൽ താത്ക്കാലിക പ്രവേശനം നേടിയ എനിക്ക് മൂന്നാം അലോട്ട്മെന്റിലും ഓപ്‌ഷനിൽ മാറ്റമില്ല. ഇനി എന്ത് ചെയ്യണം?
മൂന്നാം അലോട്ട്മെന്റോടുകൂടി മുഖ്യ അലോട്ട്മെന്റ് പ്രക്രീയ അവസാനിക്കുന്നതിനാൽ മുൻ അലോട്ട്മെന്റിൽ ലഭിച്ച താൽക്കാലിക പ്രവേശനത്തിൽ തുടരുന്നവർ നിർബന്ധമായും ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. ഇത്തവണ താത്കാലിക പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
മുഖ്യ അലോട്ട്മെന്റിൽ ഇഷ്ടപ്പെട്ട ഓപ്‌ഷൻ സ്കൂൾ/വിഷയം ലഭിച്ചില്ല. ഇനി എന്ത് ചെയ്യും?
മുഖ്യ അലോട്ട്മെന്റിൽ പ്രവേശനം നേടിയവർക്ക്, ഇഷ്ടപെട്ട സ്കൂളും വിഷയവും ലഭിച്ചില്ലെങ്കിൽ സ്കൂൾ/കോമ്പിനേഷൻ മാറ്റത്തിന് സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം.
ഇതുവരെ അലോട്ട്മെന്റ് ലഭിച്ചില്ല. ഇനി എന്ത് ചെയ്യണം?
അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലാത്തവർ നിലവിലുളള അപേക്ഷ പുതുക്കി പുതിയ ഓപ്‌ഷനുകൾ കൂട്ടിച്ചേർത്ത് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കണം. സപ്ലിമെന്ററി അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യും.
മുൻ അലോട്ട്മെന്റിൽ തന്നെ ഫീസടച്ച് സ്ഥിര പ്രവേശനം നേടി. ഇനി എന്ത് ചെയ്യണം?
മുൻ അലോട്ട്മെന്റിൽ തന്നെ ഫീസടച്ച് സ്ഥിര പ്രവേശനം നേടിയവർ മൂന്നാം അലോട്ട്മെന്റ് പരിശോധിക്കേണ്ടതില്ല.