ചേലേരി: നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ സ്ഥലം നല്‍കി ചേലേരി സ്വദേശിയുടെ മാതൃക. കയ്യങ്കോട് സ്വദേശിയും എസ് ഡിപിഐ പ്രവര്‍ത്തകനുമായ സി എച്ച് കമാലുദ്ദീനാണ് തന്റെ ഭൂമിയില്‍ നിന്ന് എട്ടു സെന്റ് സ്ഥലം നിര്‍ധരരായ രണ്ട് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ എസ് ഡിപി ഐ ചേലേരി ബ്രാഞ്ച് കമ്മിറ്റിയെ ഏല്‍പ്പിച്ചത്. പെരുന്നാള്‍ ദിനത്തില്‍ എസ് ഡിപി ഐ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി കെ വി ജാഫര്‍, നാറാത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനസ്, ചേലേരി ബ്രാഞ്ച് പ്രസിഡന്റ് എം ബദറുദ്ദീന്‍ എന്നിവരെയാണ് രേഖകള്‍ ഏല്‍പ്പിച്ചത്. സാധാരണക്കാരനായ കമാല്‍ സാഹിബിന്റെ വലിയ മനസ്സാണ് മാതൃകാപരമായ നടപടിക്കു കാരണമെന്നും ഇത്തരം പുണ്യപ്രവൃത്തികള്‍ ഈ നാടിനെ കൂടുതല്‍ മനോഹരമാക്കുമെന്നും ബഷീര്‍ കണ്ണാടിപ്പറമ്പ പറഞ്ഞു. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായി ബലിപെരുന്നാള്‍ ദിനത്തില്‍ അദ്ദേഹം നടത്തിയ മഹാദാന കര്‍മം ഏറെ പ്രചോദിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.