കണ്ണൂർ: തലശ്ശേരി എരഞ്ഞോളിയിൽ സ്റ്റീൽ ബോംബ് പൊട്ടി വയോധികൻ
മരിക്കാനിടയായ സംഭവത്തിൽ പഴുതടച്ച അന്വേഷണം നടത്തണമെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡിൻ്റ്
എ സി ജലാലുദ്ധീൻ ആവശ്യപ്പെട്ടു. ബോംബ് പൊട്ടി നിരപരാധികൾ മരണപ്പെടുകയോ ഗുരുതര പരിക്കേൽക്കുകയോ ചെയ്ത
സമാന സംഭവം മുൻപും ജില്ലയിൽ ഉണ്ടായിരുന്നു. അതിപ്പോഴും തുടരുന്നു എന്നത് പോലീസിൻ്റെ പരാജയം കൂടിയാണ്.
ആർ.എസ്.എസ്-സി.പി.എം ശക്തികേന്ദ്രങ്ങളിലാണ് ഇത്തരത്തിൽ ബോംബ് നിർമ്മാണവും പരീക്ഷണ പൊട്ടിക്കലും നിർബാധം നടക്കുന്നുവെന്നത് നിസ്തർക്കമാണ്. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ പാനൂർ മുളിയന്തോട് നിർമാണത്തിനിടെ ബോംബ് പൊട്ടി ഒരാൾ മരിച്ച സംഭവത്തിൽ പ്രതിയാക്കപ്പെട്ടത് സി.പി.എമ്മുകാരാണ്. അതിന മുൻപ് പയ്യന്നൂരും ആറളത്തും ഇരിട്ടി മേഖലയിലും ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റത് ആർ.എസ്.എസ്സുകാർക്കാണ്.
ആഭ്യന്തര വകുപ്പിൻ്റെ പരാജയമാണ് ഇത്തരം സംഭവം നിർബാധം തുടരാൻ കാരണമാവുന്നത്. ഇപ്പോൾ വയോധികൻ മരണപ്പെടാനിയായ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച എരഞ്ഞോളി മേഖല ആർ.എസ്.എസ്സിനും സി.പി.എമ്മിനും ഒരുപോലെ സ്വാധീനമുള്ള പ്രദേശമാണ്.
സ്ഫോടന കേസുകളിലെല്ലാം പോലീസ് ലാഘവത്തോടെയാണ് അന്വേഷണം നടത്തിയിട്ടുള്ളത്. ഒരു സംഭവത്തിൽ പോലും ഗുഢാലോചന പുറത്തുകൊണ്ടുവരുന്ന തരത്തിൽ ആഴത്തിലുള്ള അന്വേഷണം നടക്കാറില്ല. ആർ.എസ്.എസിൻ്റെ ഫ്രാക്ഷൻ പോലീസിൽ രഹസ്യമായി പ്രവർത്തിക്കുന്നുവെന്ന് മാധ്യമങ്ങൾ തന്നെ മുൻപ് പുറത്തു കൊണ്ട് വന്നിരുന്നു. സ്ഫോടനങ്ങളും ബോബ് ശേഖരവും നിരന്തരമായി നടക്കുമ്പോൾ ഇത്തരം സംഭവങ്ങളിലെ അന്വേഷണം പാതിവഴിയിൽ നിലച്ച് പോവുന്നത് ആർ.എസ്.എസ് – സിപിഎം ഫ്രാക്ഷൻ്റെ സ്വാധീനം കാരണമാണോയെന്നും സമഗ്ര അന്വേഷണത്തിൽ കണ്ടെത്തണം. കണ്ണൂരിൽ വ്യാപകമാവുന്ന ബോംബ് രാഷ്ടീയത്തിന് അറുതി വരുത്തണം. അതിനായി ജില്ലാ ഭരണകൂടം അടിയന്തിരമായി സർവകക്ഷി യോഗം വിളിക്കണമെന്നും എ സി ജലാലുദ്ധീൻ പ്രസ്താവനയിൽ ആവശ്യപെട്ടു