മട്ടന്നൂർ: സ്കൂട്ടറിന്റെ സീറ്റിനടിയിൽ വിഷപ്പാമ്പ്. യാത്രികൻ കടിയേല്‍ക്കാതെ തലനാരിഴക്ക് രക്ഷപ്പെട്ടു. നീർവേലി അലീമാസിൽ പി.എം. അൻസീറാണ് അണലിയുടെ മുന്നിൽ നിന്നും കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. ഇരിക്കൂറിലെ ഭാര്യ വീട്ടിൽ വച്ച് ഇന്നലെ രാവിലെയായിരുന്നു സംഭവം.
സ്കൂട്ടറിന്റെ സീറ്റിനടിയിലെ ഡിക്കിയിൽ സൂക്ഷിച്ച പേഴ്സ് എടുക്കാൻ തുറന്നപ്പോഴാണ് അണലിയെ കണ്ടത്. പെട്രോൾ ടാങ്കിന് ചുറ്റിയ നിലയിലായിരുന്നു. തല ഉയർത്തി നിന്ന അണലിയെ കണ്ട ഉടനെ അൻസീർ പരിഭ്രാന്തരായി. ബഹളം കേട്ട് സമീപവാസികളും എത്തി.
സ്കൂട്ടറിൽ നിന്നും പുറത്തെടുത്ത പാമ്പിനെ പുറത്തേക്ക് വിട്ടു. കഴിഞ്ഞ രണ്ട് ദിവസം മുമ്പ് ഇതേ വീടിന്റെ മുറ്റത്ത് അഴിച്ചു വച്ച അൻസീറിന്റെ ഷൂസിനുള്ളിൽ അണലിയെ കണ്ടെത്തിയിരുന്നു. ഷൂസ് ധരിക്കാൻ വേണ്ടി എടുക്കുന്ന സമയത്താണ് അണലിയെ കണ്ടെത്തിയത്. പാമ്പിനെ വീടിന് പുറത്തേക്ക് വിടുകയായിരുന്നു.