മസ്‌കറ്റ്: പ്ലസ് ടു സിബിഎസ്ഇ പരീക്ഷയില്‍ മസ്‌കറ്റിലുള്ള ഇന്ത്യന്‍ സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി സ്‌കൂളിലും മസ്‌ക്കറ്റിലും ഒമാനിലും ഒന്നാമനായി നാറാത്ത് സ്വദേശി യദുകൃഷ്ണ. നാറാത്ത് കോട്ടാഞ്ചേരി കുറുന്താഴ അച്യുതന്‍-സാവിത്രി ദമ്പതികളുടെ മകള്‍ സിജയുടെയും ബാലകൃഷ്ണന്റെയും ഇളയമകനാണ് യദുകൃഷ്ണ. കെമിസ്ട്രിയില്‍ 100%, കണക്കില്‍ 99%, ഫിസിക്‌സില്‍ 97% എന്നിങ്ങനെയാണ് മാര്‍ക്ക്.
സഹോദരന്‍ പവന്‍ജിത്ത് ഇഗ്ലണ്ടില്‍ മെക്കാനിക്കല്‍ എഞ്ചിനീയറാണ്. ക്ലാസുകളില്‍ ഞാന്‍ എപ്പോഴും എന്നെത്തന്നെ മെച്ചപ്പെടുത്തിയെന്നും ദിവസവും രണ്ടോ നാലോ മണിക്കൂര്‍ എന്നത് പരീക്ഷാ സമയത്ത് ഏഴ് മണിക്കൂറായി ഉയര്‍ത്തിയെന്നും യദുകൃഷണ പറഞ്ഞു. ജ്യേഷ്ഠനാണ് എന്റെ റോള്‍ മോഡല്‍. എന്നെക്കാള്‍ ഏഴു വയസ്സ് മൂത്തതാണെങ്കിലും അതേ പാത തുടരാനാണ് ആഗ്രഹിക്കുന്നതെന്നും യദു പറഞ്ഞു. മകന്റെ നേട്ടത്തില്‍ അഭിമാനമുണ്ടെന്ന് പിതാവ് ബാലകൃഷ്ണന്‍ പറഞ്ഞു. മസ്‌ക്കറ്റിലുള്ള ഇന്ത്യന്‍ എംബസിയും വിവിധ സംഘടനകളും യദുകൃഷ്ണനെ അനുമോദിച്ചു.