നീലേശ്വരം: പട്ടാപ്പകൽപള്ളിക്കരയിലെ വീട്ടിൽ നിന്നും രണ്ടര ലക്ഷത്തോളം രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ച 16 ഓളം കേസിലെ പ്രതി കുപ്രസിദ്ധ മോഷ്ടാവ് ആസിഫ് അറസ്റ്റിൽ. കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന് സമീപം ഗാർഡൻ വളപ്പിലെ പി.എച്ച് ആസിഫിനെ (23)യാണ് നീലേശ്വരം സ്റ്റേഷൻ പോലീസ്ഇൻസ്പെക്ടർ കെ വി ഉമേശന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
മോഷണം നടന്ന വീട്ടിൽ നിന്നും ലഭിച്ച വിരലടയാളമാണ് പ്രതിയെ എളുപ്പത്തിൽ പിടികൂടാൻ പോലീസിന് സഹായകമായത്. ചൊവ്വാഴ്ചയാണ് പള്ളിക്കര സെന്റ് ആൻസ് യുപി സ്കൂളിന് സമീപത്തെ വ്യാപാരി മേലത്ത് സുകുമാരന്റെ വീട്ടിൽ ഉച്ചക്ക് ഒന്നേമുക്കാലോടെ കവർച്ച നടന്നത് . സുകുമാരന്റെ ഭാര്യ കടയിൽ ഭർത്താവിന് ഭക്ഷണം കൊണ്ടുകൊടുത്തു വന്ന ശേഷം അയൽപക്കത്തെ വീട്ടമ്മയുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് അടുക്കള ഭാഗത്തെ ഗ്രിൽസ് തുറന്ന് മോഷണം നടത്തി മോഷ്ടാവ് മതിൽ ചാടി ഓടി രക്ഷപ്പെടുകയായിരുന്നു. പരാതിയിൽ കേസെടുത്ത പോലീസ്നീലേശ്വരം എസ്ഐ മാരായ ടി. വിശാഖ്, മധുസൂദനൻ മടിക്കൈ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലൂടെയാണ് മോഷണം നടന്ന് 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടാൻ സാധിച്ചത്.അറസ്റ്റിലായ പ്രതിക്ക് പയ്യന്നൂർ, ഹൊസ്ദുർഗ്, ചന്തേര, വളപട്ടണം, ചീമേനി, പഴയങ്ങാടി, കണ്ണൂർ ഉൾപ്പെടെ 16 ഓളം മോഷണക്കേസുകൾ നിലവിലുണ്ട്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.