മരിച്ച 6 മലയാളികളെ തിരിച്ചറിഞ്ഞു, കെട്ടിടത്തിൽ ഉണ്ടായിരുന്നത് 195 പേർ, 146 പേർ സുരക്ഷിതരെന്ന് വിവരം

kpaonlinenews

കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ആറ് മലയാളികളെ തിരിച്ചറിഞ്ഞു. പരിക്കേറ്റ 50 -ലധികം പേരിൽ മൂപ്പതോളം പേർ മലയാളികൾ. 49 പേർ മരിച്ചതായാണ് വിവരം. ഇതിൽ 41 പേരുടെ മരണം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 26 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ 11 മലയാളികളാണ്. ആറ് മലയാളികളെയാണ് തിരിച്ചറിഞ്ഞത്. കേളു പൊന്മലേരി (51), കാസർകോട് ചെർക്കള കുണ്ടടക്ക സ്വദേശി രഞ്ജിത് (34), കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29), പന്തളം സ്വദേശി ആകാശ് എസ്. നായർ, കൊല്ലം സ്വദേശി ഷമീർ, വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ (54) എന്നിവരേയാണ് ഇപ്പോൾ തിരിച്ചറിഞ്ഞത്. 

അപകടത്തിൽ 146 പേർ സുരക്ഷിതരെന്ന് റിപ്പോർട്ടിൽ പറയുന്നു. 195 പേരായിരുന്നു കെട്ടിടത്തിൽ താമസക്കാരായി ഉണ്ടായിരുന്നത്. 146 പേരിൽ 49 പേർ നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. നിസാര പരിക്കേറ്റ 11 പേരെ ചികിത്സ നൽകി ഡിസ്ചാർജ് ചെയ്തു. സംഭവ സമയത്ത് 19 പേർ വിവിധ കമ്പനികളിൽ ജോലിയിലായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം തീപിടിത്തമുണ്ടായ കെട്ടിടത്തിലെ നിയമലംഘനം അന്വേഷിക്കണമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം. കെട്ടിട ഉടമയെ അടക്കം കസ്റ്റഡിയിലെടുക്കാൻ നിർദേശം നല്‍കി. കെട്ടിടം നിലനിൽക്കുന്ന അൽ അഹ്മദി ഗവർണറേറ്റിന്റെ ചുമതലയുള്ള മുനിസിപ്പാലിറ്റി ജീവനക്കാരെ സസ്പെൻഡ് ചെയ്തു.

കുവൈത്ത് മംഗെഫിലുണ്ടായ തീപിടിത്തതിൽ കാരണക്കാരായ കെട്ടിട ഉടമ, കെട്ടിടത്തിലെ സുരക്ഷാജീവനക്കാരൻ, കെട്ടിടത്തിൽ താമസിക്കുന്ന തൊഴിലാളികളുടെ കമ്പനിയുടെ ഉടമ എന്നിവരെ അറസ്റ്റ് ചെയ്യാനാണ് സ്ഥലം സന്ദർശിച്ച ആഭ്യന്തരമന്ത്രിയുടെ നിർദേശം. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ പൊലീസിനോട് നിർദേശിച്ച ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് ഇവരെ ജാമ്യത്തിൽ വിടരുതെന്നും നിർദേശിച്ചു. കെട്ടിടത്തിൽ ഒരേ കമ്പനിയിലെ തൊഴിലാളികളായ 190ലേറെ പേർ താമസിച്ചിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. കമ്പനിയുടെയും കെട്ടിട ഉടമകളുടെയും അത്യാഗ്രഹത്തിന്റെ ഫലമാണെന്ന് തീപിടുത്തമുണ്ടായ സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

റെസിഡൻഷ്യൽ കെട്ടിടത്തിൽ വൻതോതിൽ തൊഴിലാളികൾ തിങ്ങിനിറയുന്ന ഇത്തരം നിയമലംഘനങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റിക്കും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിനും മന്ത്രി നിർദേശം നൽകി. ഇതിന്റെ ഭാഗമായി അഹമ്മദി ഗവര്‍ണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ സൗദ് അല്‍ ദബ്ബൂസ് ഉത്തരവിട്ടു. രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് കൊണ്ട്  പ്രവര്‍ത്തിക്കുന്ന എല്ലാ കെട്ടിടങ്ങളില്‍ നിന്നും 24 മണിക്കൂറിനകം  താമസക്കാരെ  ഒഴിപ്പിക്കുവാനും നിർദേശമുണ്ട്. സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർ കെട്ടിടത്തിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Share This Article
error: Content is protected !!