കുവൈത്ത്: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ കൊല്ലം സ്വദേശിയും. കൊല്ലം ഒയൂർ സ്വദേശിയെ ആണ് തിരിച്ചറിഞ്ഞത്. പരിക്കേറ്റ 52-ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. മൂന്ന് പേരെ കാണാതായിട്ടുണ്ട്. മരണം 49 ആയി.
തീപിടിത്തത്തിൽ മരിച്ച 36 പേരെ തിരിച്ചറിഞ്ഞു. ഇതിൽ 15 പേർ ഇന്ത്യക്കാരെന്നാണ് വിവരം. പതിനാറുപേരെ ഇനിയും തിരിച്ചറിയാനുണ്ട്. പാകിസ്താനിൽ നിന്നും ഈജിപ്തിൽ നിന്നുള്ള ഒരാളും ഫിലിപ്പീൻസിൽ നിന്നുള്ള രണ്ടുപേരും മരിച്ചവരിൽ ഉൾപ്പെടും.
പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ജീവനക്കാര്‍ താമസിക്കുന്ന മംഗഫിലെ (ബ്ലോക്ക്-4) ആറ് നില കെട്ടിടത്തിലാണ് സംഭവം നടന്നത്. കെട്ടിടത്തിലെ വിവിധ ഫ്‌ളാറ്റുകളിലായി 195 പേരാണ് താമസിച്ചിരുന്നത്. താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. പുലര്‍ച്ചെ ആളുകള്‍ നല്ല ഉറക്കത്തിലായിരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
ഷെബീർ, രജിത്ത്, അലക്സ്, ജോയൽ, അനന്ദു, ഗോപു, ഫൈസൽ തുടങ്ങിയവരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന മലയാളികൾ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അനിൽ മിശ്രി, രഞ്ജിത് പ്രസാദ്, ഷൈജു പറക്കൽ, പിള്ള, റോജൻ മടയിൽ, അനുമോൻ പനകലം, ജിതിൻ (മധ്യപ്രദേശ്), ശ്രീനു, ശ്രീവത്സലു (ആന്ധ്രാപ്രദേശ്), ശിവശങ്കർ (നേപ്പാൾ), പ്രവീൺ (മഹാരാഷ്ട്ര), സന്തോഷ് (മുംബൈ) തുടങ്ങിയവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കാസർകോട്, കണ്ണൂർ, കൊല്ലം സ്വദേശികളാണ് പരിക്കേറ്റവരിലേറെയും എന്നാണ് ലഭിക്കുന്ന വിവരം.