അഴീക്കല്‍ പറശ്ശിനി സര്‍വീസിനായി സോളാര്‍ ബോട്ട് നല്‍കും: മന്ത്രി കെ ബി ഗണേഷ്‌കുമാര്‍

kpaonlinenews

കണ്ണൂർ: ജലഗതാഗത വകുപ്പ് നിര്‍മ്മിക്കുന്ന സോളാര്‍ ബോട്ടുകളില്‍ ഒന്ന് ഉടന്‍ തന്നെ അഴീക്കല്‍ പറശ്ശിനി സര്‍വീസിനായി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നിയമസഭയില്‍ അറിയിച്ചു. കെ വി സുമേഷിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. അഴീക്കല്‍ ഫെറി മാട്ടൂല്‍ വളപട്ടണം വഴി ‘പറശ്ശിനിക്കടവ് പോകുന്ന ബോട്ടുകളുടെ ശോചനീയാവസ്ഥയും കാലപഴക്കവും പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സബ്മിഷന്‍ അവതരിപ്പിച്ചത്.

സോളാര്‍ ബോട്ടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലായി നടന്നുവരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നിര്‍മ്മാണം അന്തിമഘട്ടത്തില്‍ എത്തിയ ഒരു ബോട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉടന്‍തന്നെ അഴീക്കല്‍ പറശ്ശിനി സര്‍വീസിനായി നല്‍കും.

മേജര്‍ റിപ്പയറിലുള്ള രണ്ടു ബോട്ടുകളില്‍ ഒന്ന് അഴീക്കല്‍ ഫെറി സര്‍വ്വീസ് നടത്തുന്ന ബോട്ടിന് പകരം അനുവദിക്കും. ഭാവിയില്‍ കൂടുതല്‍ സോളാര്‍ ബോട്ടുകള്‍ ഇറങ്ങുമ്പോള്‍ അഴീക്കല്‍ ഫെറി സര്‍വ്വീസിന് പുതിയ ബോട്ട് നല്‍കുമെന്നും മന്ത്രി സബ്മിഷന് മറുപടിയായി അറിയിച്ചു.

Share This Article
error: Content is protected !!