കണ്ണപുരം: മദ്യലഹരിയിൽ അടിപിടിയെ തുടർന്ന് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവാവ് ചികിത്സക്കിടെ നഴ്സിനെ ചവിട്ടി നിലത്തിട്ടു. ബോധരഹിതയായ വനിത നഴ്സ് ആശുപത്രിയിൽ ചികിത്സയിൽ. പരാതിയിൽ യുവാവിനെ ആശുപത്രി സംരക്ഷണ നിയമം ,മാനഹാനി, അക്രമം ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം കണ്ണപുരം പോലീസ് കേസെടുത്തു.
ചെറുകുന്ന് മിഷൻ ആശുപത്രിയിലാണ് സംഭവം.
ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ കൈക്ക് മുറിവേറ്റ നിലയിൽ ചെറുകുന്ന് പൂങ്കാവിലെ ജിജിൽ ഫെലിക്സ് (36) ആണ് സുഹൃത്തിനൊപ്പം ആശുപത്രിയിൽ ചികിത്സക്കെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത നഴ്സ് ഇയാളുടെ കൈയുടെ മുറിവേറ്റ ഭാഗം കഴുകുന്നതിനിടയിൽ ഷൂ ധരിച്ച കാൽ കൊണ്ട് പ്രതികഴുത്തിന് ചവിട്ടി നിലത്തേക്ക് തള്ളിയിടുകയായിരുന്നു. പരിക്കേറ്റ 24 കാരിയായ നഴ്‌സ് ബോധ രഹിതയായി.
കഴുത്തിന് ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്.
സംഭവത്തെ തുടർന്ന് ആശുപത്രി അധികൃതർ കണ്ണപുരം പോലീസിൽ വിവരമറിയിച്ചു. കണ്ണപുരം പോലീസ് സ്ഥലത്തെത്തുമ്പോഴെക്കും അക്രമാസക്തനായ യുവാവിനെ
സുഹൃത്തുക്കൾ കാറിൽ കൊണ്ടു പോയി രക്ഷപ്പെടുത്തി. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് ആശുപത്രി ജീവനക്കാരുടെ സുരക്ഷിതാർത്ഥം പോലീസി സംഘത്തെ നിയോഗിച്ചിട്ടുണ്ട്. യുവാവിനെതിരെ കാപ്പാ നിയമം ചുമത്താൻ പോലീസ് നടപടി തുടങ്ങി.