കണ്ണൂർ : ഓൺലൈൻ വഴിയുള്ള തട്ടിപ്പിൽ ജില്ലയിൽ അഞ്ചുപേർക്ക് 66,72,710 രൂപ നഷ്ടമായി. സൈബർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതികളിലാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. പാർട്ട് ടൈം ജോലി, ഓൺലൈൻ ടാസ്ക് എന്നിവയുടെ പേരിലാണ് ഭൂരിഭാഗം തട്ടിപ്പുകളും നടക്കുന്നത്. കണ്ണൂർ സ്വദേശിക്ക് 47,61,000 രൂപയും ഒരു യുവതിക്ക് 16,82,010 രൂപയും നഷ്ടപ്പെട്ടു.
കൂത്തുപറമ്പ് സ്വദേശികളിൽനിന്നായി 1,23,000, 99,500 രൂപയും, യുവാവിൽനിന്ന് 7,200 രൂപയും നഷ്ടമായി. വിവിധ സാമൂഹിക മാധ്യമങ്ങൾ വഴി പരിചയപ്പെടുകയും അധിക വരുമാനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്യുന്നതാണ് തട്ടിപ്പുകാരുടെ രീതി.
മൊബൈൽ ഫോണിലേക്ക് തട്ടിപ്പുകാർ ആകർഷകമായ വാഗ്ദാനങ്ങൾ നൽകി സന്ദേശമയക്കുകയാണ് ആദ്യം ചെയ്യുന്നത്. തിരികെ മറുപടി നൽകിയാൽ ചാറ്റ് ഗ്രൂപ്പിൽ പ്രവേശിക്കാൻ ആവശ്യപ്പെടും. പാർട്ട് ടൈം ജോലി നൽകി തട്ടിപ്പുകാർ വിശ്വാസം നേടിയെടുക്കും. ഇതിനായി ചെറിയ ടാസ്കുകൾ നൽകുകയും ചെയ്യും. അവ പൂർത്തീകരിച്ചാൽ ലാഭത്തോടുകൂടി പണം നൽകുകയും ചെയ്യും. ഇത് മൂന്നുനാലു തവണ ആവർത്തിക്കും. പിന്നീട് ടാസ്ക് ചെയ്യുന്നതിനായി കൂടുതൽ പണം ആവശ്യപ്പെടുകയും പൂർത്തിയാക്കിയാൽ ലാഭം പ്രത്യേകം തയ്യാറാക്കിയ സ്‌ക്രീനിൽ കാണിക്കുകയും ചെയ്യും. എന്നാൽ, ലാഭം പിൻവലിക്കാനാകില്ല. പല കാരണങ്ങൾ പറഞ്ഞ് കൂടുതൽ പണം നൽകാൻ ആവശ്യപ്പെടുകയും ചെയ്യും. ഇത്തരത്തിൽ വൻ തുക തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. കണ്ണൂർ സ്വദേശികളുടെ പരാതിയിൽ സൈബർ പോലീസ് കേസെടുത്തു.