എക്സൈസുദ്യോഗസ്ഥനെ കാറിൽ തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ.

kpaonlinenews

ഇരിട്ടി: കൂട്ടുപുഴ എക്സൈസ്ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ എക്സൈസുദ്യോഗസ്ഥനെ കാറിൽ തട്ടിക്കൊണ്ടുപോയി മൂന്ന് കിലോമീറ്ററോളം ദൂരേ ഉപേക്ഷിച്ച് കാറുമായി കടന്നു കളഞ്ഞ പ്രതി പിടിയിൽ.കോഴിക്കോട് ബേപ്പൂർ നോർത്ത് സ്വദേശി വലിയകത്ത് വീട്ടിൽ യാസർ അറാഫത്തിനെ (26)യാണ് ഇരിട്ടി പോലീസും എക്സൈസ് സംഘവും ചേർന്ന് മലപ്പുറത്ത് വെച്ച് പിടികൂടിയത്.
ഇന്നലെപുലർച്ചെ 2.30 മണിക്കാണ് സംഭവം. പരിശോധനക്കിടെ കെ.എൽ.45.എം. 6300 നമ്പർ കാറിലെത്തിയ പ്രതി കാറിൻ്റെ പിറകിലെ സീറ്റിൽ പരിശോധന നടത്തുന്നതിനിടെയാണ് എക്സൈസ് ഉദ്യോഗസ്ഥനായ ഷാജിയെ വലിച്ചു കയറ്റി തട്ടിക്കൊണ്ടു പോയി ഉപേക്ഷിച്ച് കാറുമായി കടന്നുകളഞ്ഞത്. ചെക്ക് പോസ്റ്റിലെ അസി.എക്സൈസ് ഇൻസ്പെക്ടർ ഷാജി കെ.യുടെ പരാതിയിൽ ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നലെ രാത്രിയോടെ പ്രതി പിടിയിലായത്.കാർ കസ്റ്റഡിയിലെടുത്തു. പിടിയിലായ പ്രതിമയക്കുമരുന്നു സംഘത്തിൽപ്പെട്ട യാളാണെന്ന് തിരിച്ചറിഞ്ഞതിൻ്റെ പശ്ചാത്തലത്തിൽ മയക്കുമരുന്നും ഇയാളുടെ കൂട്ടാളികളെ കണ്ടെത്താനുമുള്ള ശ്രമത്തിലാണ് എക്സൈസ് സംഘം.
അന്വേഷണത്തിൽ എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റ്‌ ഇൻസ്‌പെക്ടർ പി കെ മുഹമ്മദ്‌ ഷഫീഖ്, കണ്ണൂർ സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ടി. ഷിജുമോൻ, പ്രിവന്റീവ് ഓഫീസർ പ്രദീപ്‌ കുമാർ കെ, സിവിൽ എക്സൈസ് ഓഫീസർ മാരായ സച്ചിൻദാസ്, നിതിൻ ചോമാരി എന്നിവരും ഇരിട്ടി എസ് ഐ സനീഷ്, സീനിയർ സിനീയർ സിവിൽ പോലീസ് ഓഫീസർ മാരായ അനൂപ്, ഷിജോയ്, ഷൗക്കത്തലി,നിജീഷ് എന്നിവരുമാണ് ഉണ്ടായിരുന്നത്.

Share This Article
error: Content is protected !!