✍️ Kannadiparamba news online
കമ്പില്‍: മയ്യില്‍, കമ്പില്‍ മേഖലയിലുള്ളവര്‍ക്ക് ഇന്ന് ദുഖവെള്ളി. മണിക്കൂറുകള്‍ക്കിട ജീവന്‍ പൊലിഞ്ഞത് നാലു യുവാക്കള്‍ക്കാണ്. മയ്യില്‍ പാവന്നൂര്‍ മൊട്ടയില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടയില്‍ പുഴക്കരയിടിഞ്ഞ് താഴ്ന്ന് മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചപ്പോൾ പള്ളിക്കുളത്ത് ബൈക്കും ബസ്സും കൂട്ടിയിടിച്ചാണ് ഒരു വിദ്യാര്‍ഥി മരിച്ചത്.
പാവന്നൂര്‍ മൊട്ടയിലെ വള്ളുവ കോളനിയിലെ നിവേദ്(18), ജോബിന്‍ജിത്ത്(15) അഭിനവ്(21) എന്നിവരാണ് മരിച്ചത്.. മയ്യില്‍ ഇരുവാപ്പുഴ നമ്പ്രം ചീരാച്ചേരിക്കടവില്‍് വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ഇവരോടൊപ്പമുണ്ടായിരുന്ന ആകാശ് പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടെ കരയിടിഞ്ഞ് വെള്ളത്തിലേക്ക് വീഴുകയും ചെളിയില്‍ പൂണ്ടു പോവുകയുമായിരുന്നു. ആളൊഴിഞ്ഞ കടവില്‍ നിന്ന് രക്ഷപ്പെട്ട ആകാശിന്റെ നിലവിളി കേട്ട ചെത്തുകാരന്‍ രാജീവന്‍, വിജേഷ് എന്നിവരും നാട്ടുകാരും പുഴയിലേക്ക് ചാടി മൂവരെയും പൊക്കിഎടുത്തെങ്കിലും രക്ഷിക്കാനായില്ല. മരിച്ച നിവേദ്, ജോബിന്‍ജിത്ത് എന്നിവര്‍ സഹോദരന്‍മാരുടെ മക്കളാണ്. ഇവരുടെ അടുത്ത ബന്ധുവാണ് അഭിനവ്. യുവാക്കളുടെ മരണം പ്രദേശത്തെയാകെ ഞെട്ടിച്ചു. കഴിഞ്ഞ ആഴ്ചയും കൂട്ടുകാരോടൊപ്പം ഇവര്‍ ഇവിടെയെത്തി പുഴയില്‍ കുളിച്ചിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആനക്കയ്യില്‍ വീട്ടില്‍ എ.വി. സജിത്തിന്റെയും രമ്യയുടെയും മകനാണ് ജോബിന്‍ജിത്ത്. സഹോദരന്‍: അനയ്( വിദ്യാര്‍ഥി, ജവഹര്‍ നവോദയ വിദ്യാലയ, കണ്ണൂര്‍) അരുവത്ത് വളപ്പില്‍ സത്യന്റെയും പ്രിയയുടെയും മകനാണ് നിവേദ്. സഹോദരി: വൈഗ. മൂവരുടെയും മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യാനായി കൊണ്ടുപോയി. ശനിയാഴ്ച ഉച്ചക്ക് പാവന്നൂര്‍ മൊട്ടയില്‍ പൊതു ദര്‍ശനത്തിനായി വെക്കും
പള്ളിക്കുളത്ത് ബൈക്കും ബസ്സും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവവും ഇരട്ടി ദുരന്തമായി. കമ്പില്‍ പാട്ടയം സ്വദേശിയും കാരക്കുണ്ട് എംഎം കോളജ് വിദ്യാര്‍ഥിയുമായ മുഹ്‌സിന്‍ മുഹമ്മദ്(22) ആണ് മരണപ്പെട്ടത്. കണ്ണൂരിലേക്ക് വരികയായിരുന്ന മുഹ്‌സിന്‍ സഞ്ചരിച്ച ബൈക്കും തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന കാട്ടാമ്പള്ളി സ്വദേശി ആദിലിനെ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് അപകടം. ഉടന്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മുഹ്‌സിന്‍ ഉച്ചയോടെ മരണപ്പെട്ടു. പാട്ടയം മുല്ലിക്കോട്ട് സൈബുവിന്റെയും പരേതനായ മുഹമ്മദിന്റെയും മകനാണ്. ഒരു സഹോദരിയുണ്ട്. മുഹ് സിന്റെ ഉപ്പ മുഹമ്മദ് ഈയിടെയാണ് മരണപ്പെട്ടത്. ഇതോടെ കുടുംബത്തിന് ഇരട്ടി ആഘാതമായി. പ്രദേശത്തെ സാമൂഹിക സേവനങ്ങളില്‍ സജീവമായ മുഹ് സിന്റെ മരണം നാട്ടുകാരെയും നൊമ്പരത്തിലാഴ്ത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മുഹ്‌സിന്റെ മയ്യിത്ത് കമ്പില്‍ മൈതാനപ്പള്ളിയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.