ന്യൂഡൽഹി: പ്രധാനമന്ത്രിയായി നരേന്ദ്രമോദി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ട്. ബുധനാഴ്ച രാഷ്ട്രപതി ഭവനിലെത്തിയ മോദി രാഷ്ട്രപതി ദ്രൗപതി മുർവിന് രാജിസമർപ്പിച്ചു. സത്യപ്രതിജ്ഞ വരെ പ്രധാനമന്ത്രി സ്ഥാനത്തു തുടരാൻ രാഷ്ട്രപതി അദ്ദേഹത്തോട് അഭ്യർഥിച്ചിട്ടുണ്ട്.
മൂന്നാം തവണയും സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവസരം തന്നതിന് ജനങ്ങളോട് നന്ദി പറയുന്നുവെന്ന് വാരാണസിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് കഴിഞ്ഞദിവസം മോദി പറഞ്ഞിരുന്നു. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും മൂന്നാമതും അധികാരത്തിലേറാന്‍ കഴിഞ്ഞത് ചരിത്രമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വീണ്ടും പ്രധാനമന്ത്രിസ്ഥാനത്ത് എത്തിയാൽ ജവഹർലാൽ നെഹ്റുവിന് ശേഷം മൂന്നുതവണ പ്രധാനമന്ത്രിയാകുന്ന നേതാവാകും മോദി.
2014-ൽ 282 സീറ്റുകളായിരുന്നു ബിജെപി ഒറ്റയ്ക്ക് നേടിയിരുന്നത്. 2019-ൽ ഇത് 303 ആയി ഉയർന്നു. എന്നാൽ ഇത്തവണ 240 സീറ്റുകൾ നേടാൻ മാത്രമേ ബിജെപിയ്ക്ക് സാധിച്ചുള്ളൂ. 272 എന്ന കേവലഭൂരിപക്ഷത്തിലേക്കെത്താൻ 32 സീറ്റുകളുടെ കുറവ്. മൂന്നാം തവണ അധികാരത്തിലേക്കെത്താൻ എൻഡിഎ സഖ്യ കക്ഷികളുടെ പിന്തുണ ബിജെപിക്ക് വേണ്ടിവരും.
400 സീറ്റെന്ന പ്രഖ്യാപനവുമായി തിരഞ്ഞടുപ്പിനെ നേരിട്ട ബിജെപിക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ല. എക്സിറ്റ് പോളുകളെ മുഴുവൻ തള്ളിക്കൊണ്ട് ഇന്ത്യ മുന്നണി 232 സീറ്റുകൾ നേടി എൻഡിഎയും ബിജെപിയെയും ഞെട്ടിച്ചു.