കണ്ണൂരിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷം
കണ്ണൂരിൽ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന് വമ്പൻ വിജയം. 1,08,982 വോട്ടിനാണ് സി.പി.എമ്മിലെ എം.വി. ജയരാജനെ തോൽപിച്ചത്. കണ്ണൂർ ലോക്‌സഭ മണ്ഡല ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. മൂന്നാം തവണയാണ് സുധാകരൻ കണ്ണൂരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നത്.
കണ്ണൂർ: മന്ത്രിസഭയുടെ ക്യാപ്റ്റനായ പിണറായി വിജയന്റെ മണ്ഡലമായ ധർമടം. പാർട്ടിക്കപ്പുറത്തും വിപുലമായ ജനകീയ സ്വാധീനമുണ്ടെന്ന് വിശേഷിപ്പിക്കുന്ന കെ.കെ.ശൈലജയുടെ തട്ടകമായ മട്ടന്നൂർ. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പ്. പാർട്ടിക്ക് അതിശക്തമായ സംഘടനാസംവിധാനമുള്ള മൂന്ന് ഉരുക്കുകോട്ടകൾ. ഈ പാർട്ടി കോട്ടകളെ ഞെട്ടിച്ചായിരുന്നു സുധാകരന്റെ മുന്നേറ്റം. തളിപ്പറമ്പിലാകട്ടെ കെ.സുധാകരൻ വ്യക്തമായ ഭൂരിപക്ഷം േനടുകയുംചെയ്തു.
ഇരിക്കൂറിലും പേരാവൂരിലും കണ്ണൂരിലും സുധാകരൻ നേടുന്ന ഭൂരിപക്ഷത്തെ ഈ മൂന്ന് മണ്ഡലങ്ങളിലെയും ഭൂരിപക്ഷംകൊണ്ട് മറികടക്കാമെന്നായിരുന്നു എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ.
തളിപ്പറമ്പിൽ 8,787 വോട്ടിന്റെ മേൽക്കൈയാണ് സുധാകരന്. മട്ടന്നൂരിലും ധർമടത്തും എൽ.ഡി.എഫിന് ഭൂരിപക്ഷമുണ്ടെങ്കിലും 2019-ലേതിനേക്കാൾ കുറഞ്ഞു. ധർമടം-2,616, മട്ടന്നൂർ-3,034 ലീഡുമായി എൽ.ഡി.എഫ്. പിടിച്ചുനിന്നു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനായിരുന്നു മൂന്ന് മണ്ഡലങ്ങളിലും ഭൂരിപക്ഷം: തളിപ്പറമ്പ്-22,698, ധർമടം-50,123, മട്ടന്നൂർ:-60,963. മട്ടന്നൂരിലാകട്ടെ ഭൂരിപക്ഷത്തിൽ റെക്കോഡിന്റെ തിളക്കം. 2019-ലെ തിരഞ്ഞെടുപ്പിൽ, തളിപ്പറമ്പിൽ 725 വോട്ടിന്റെ നേരിയ ലീഡേ സുധാകരനുണ്ടായിരുന്നുള്ളൂ. ധർമടത്ത് 4,099 വോട്ടും മട്ടന്നൂരിൽ 7,488 വോട്ടുമായി എൽ.ഡി.എഫ്. മുന്നിലായിരുന്നു. ഇത്തവണ ലീഡ് രണ്ടിടത്തും കുറഞ്ഞു. മട്ടന്നൂരിൽ കുറഞ്ഞത് പകുതിയിലധികമാണ്.
മൂന്ന് പതിറ്റാണ്ടിലേറെയായി ജില്ലയിലെ സി.പി.എമ്മിന്റെ ഏറ്റവും വലിയ എതിരാളിയാണ് സുധാകരൻ. ഒരുമാസം മുൻപ് തുടങ്ങിയതായിരുന്നു എൽ.ഡി.എഫിന്റെ പ്രചാരണം. നാലുംഅഞ്ചും തവണ വീടുകയറിയുള്ള വോട്ടുപിടിത്തം. യു.ഡി.എഫാകട്ടെ സ്ഥാനാർഥി പ്രഖ്യാപനം നീണ്ടതിനാൽ വൈകിയാണ് പ്രചാരണത്തിനിറങ്ങിയത്. പ്രവർത്തകരും കാര്യമായ സംഘടനാസംവിധാനവുമില്ലാതെ ഈ മുന്ന് കേന്ദ്രങ്ങളിലെയും പലയിടത്തും യു.ഡി.എഫ്. കിതയ്ക്കുകയായിരുന്നു. ചിലയിടത്ത് യു.ഡി.എഫിന്റെ ഉറച്ച വോട്ടുകൾപോലും ചെയ്യാനാകാതെ പോയി. ഇതൊന്നും വോട്ടെണ്ണിയപ്പോൾ തിരിച്ചടിയായില്ല.