ന്യൂഡല്‍ഹി: ദേശീയതലത്തില്‍ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ എന്‍ഡിഎയും ഇന്‍ഡ്യ സഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍. ആകെയുള്ള 543 സീറ്റുകളില്‍ ഇന്‍ഡ്യ സഖ്യം 267 സീറ്റുകളിലും എന്‍ഡിഎ 230 സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. മറ്റുള്ളവര്‍ 44 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നു.
തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് ആദ്യ ഫല സൂചനകള്‍ പുറത്തുവരുന്നത്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെല്ലാം ഭൂരിഭാഗം സീറ്റുകളിലും എന്‍ഡിഎ സഖ്യം ലീഡ് ചെയ്യുകയാണ്. ബിജെപി ഏറെ പ്രതീക്ഷ അര്‍പ്പിച്ച പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നില്‍. തമിഴ്‌നാട്ടില്‍ ഡിഎംകെ നേതൃത്വത്തിലുള്ള ഇന്‍ഡ്യ സഖ്യം മുന്നിലാണ്.
18ാം ലോക്‌സഭയിലെ 543 സീറ്റുകളിലേക്ക് ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. ആന്ധ്രപ്രദേശ്, ഒഡിഷ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും ഇതോടൊപ്പം നടക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം തൂത്തുവാരുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. അതേസമയം, ആത്മവിശ്വാസം കൈവിടാതെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രതിപക്ഷ നേതാക്കള്‍.