ചക്കരക്കൽ: സോഷ്യൽ മീഡിയയിലൂടെ ഈടില്ലാതെ പേഴ്സണൽലോൺ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ പണം തട്ടിയെടുത്ത രണ്ടു പേർക്കെതിരെ ചക്കരക്കൽ പോലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തു.ചെമ്പലിലോട് സ്വദേശിനിയുടെ പരാതിയിലാണ് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട മൊബൈൽ ഫോൺ നമ്പറുകാരായ അക്ഷയ്, ഹരി എന്നിവർക്കെതിരെ കേസെടുത്തത്. ലോൺ തരപ്പെടുത്തി തരാമെന്ന് വിശ്വസിപ്പിച്ച് പ്രോസസിംഗ് ചാർജിലേക്ക് യുവതിയിൽ നിന്നും ഒന്നാം പ്രതി ഗൂഗിൾ പേ വഴി ഈ മാസം 17 ന് 45,000 രൂപ കൈപ്പറ്റുകയും പിന്നീട് പരാതിക്കാരിയുടെ ബേങ്ക് അക്കൗണ്ട് ഒ ടി പി കൈക്കലാക്കി 50,000 രൂപയും 20 ന് രണ്ടാം പ്രതി അക്കൗണ്ടിൽ നിന്നും 14,500 രൂപയും ഉൾപ്പെടെ അക്കൗണ്ടിൽ നിന്നും 1,09,500 രൂപ കൈക്കലാക്കിയ ശേഷം പിന്നീട് ലോണോ കൈപ്പറ്റിയ പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.