മയ്യില്‍: കാറ്റിലും മഴയിലും മതിലിടിഞ്ഞു വീണ് മയ്യിലും പരിസരങ്ങളിലും വ്യാപക നാശം. മയ്യില്‍ വള്ളിയോട്ടെ പഴയ വില്ലേജ് ഓഫീസിനു സമീപത്തെ കെ.എസ്.ഇ.ബി. ജീവനക്കാരന്‍ എം.വി. ബിജുവിന്റെ നിര്‍മാണത്തിലുള്ള വീടിന്റെ മതില്‍ തകര്‍ന്നു വീണ് വീടിന് കേട്പാട് ഉണ്ടായി. പുതുതായി ചെങ്കല്ലില്‍ രണ്ട് മീറ്റര്‍ ഉയരത്തില്‍ നിര്‍മിച്ച മതിലാണ് തകര്‍ന്നത്. ഇരുവാപ്പുഴ നമ്പ്രത്തെ ചീരാച്ചേരിയില്‍ ഐക്കാല്‍ പത്മിനിയുടെ വീടിന്റെ മതില്‍ തകര്‍ന്ന് കിണറില്‍ വീണു. കിണര്‍ പൂര്‍ണ്ണമായും ഉപയോഗശൂന്യമായ നിലയിലാണുള്ളത്. വീട് അപകടഭീഷണിയാലാണുള്ളത്. പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. തായംപൊയിലിലെ പി.വി. ബാലരവിയുടെ വീടിന്റെ മുന്‍ഭാഗം രണ്ടര മീറ്റര്‍ ഉയരത്തില്‍ നിര്‍മിച്ച കൂറ്റന്‍ മതില്‍ റോഡിലേക്ക് തകര്‍ന്നു വീണു. ചെളിയും മണ്ണും റോഡിലേക്ക് പതിച്ചതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു.