പോളിങ് ക്രമക്കേട് തടയാന്‍ കര്‍ശന നടപടി

kpaonlinenews



പോളിങ്ങ് ബൂത്തുകളില്‍ ക്രമക്കേട് ഉണ്ടാകുന്നത് തടയാന്‍ ജില്ലയിലെ മുഴുവന്‍ പോളിംഗ് സ്റ്റേഷനുകളിലും ലൈവ് വെബ് കാസ്റ്റിങ്ങിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. ബൂത്തില്‍ ആള്‍മാറാട്ടമോ മറ്റ് ക്രമക്കേടോ ഉണ്ടായാല്‍ കര്‍ശന നടപടി കൈക്കൊള്ളും. ജില്ലാ കേന്ദ്രത്തിലൊരുക്കിയ കണ്‍ട്രോള്‍ റൂമില്‍ നിന്ന് സദാ സമയവും ബൂത്തുകളിലെ നടപടികള്‍ നിരീക്ഷിക്കും. ചട്ട വിരുദ്ധമായ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ ആവശ്യമായ ഇടപെടല്‍ നടത്തും. ഇതിനാവശ്യമായ ഉദ്യോഗസ്ഥരെ വിവിധ തലങ്ങളിലായി നിയോഗിച്ചിട്ടുണ്ട്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും വെബ് കാസ്റ്റിങ്ങിന്റെ ദൃശ്യങ്ങള്‍ തല്‍സമയം നിരീക്ഷിക്കാന്‍ കഴിയും.

അന്ധത മൂലം ബാലറ്റ് യൂനിറ്റില്‍ പതിപ്പിച്ച ചിഹ്നങ്ങള്‍ കാണാന്‍ സാധിക്കാതിരിക്കുകയോ ശാരീരിക അവശത മൂലം ബാലറ്റ് യൂനിറ്റില്‍ വിരല്‍ അമര്‍ത്തി വോട്ട് ചെയ്യാന്‍ സാധിക്കാതിരിക്കുകയോ ചെയ്യുന്ന വോട്ടര്‍ക്ക് സഹായിയുടെ സേവനം അനുവദിക്കും. വോട്ടറുടെ ഇടത് ചൂണ്ടുവിരലിലും സഹായിയുടെ വലതു ചൂണ്ടുവിരലിലുമാണ് മഷി പുരട്ടുക.

1961-ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടം 40 പ്രകാരം
(AVSC / AVPD വീട്ട് വോട്ടിങ്ങില്‍ )
പ്രിസൈഡിങ് ഓഫീസര്‍ക്ക് ബോധ്യപ്പെടുന്ന പക്ഷം, വോട്ടര്‍ ആഗ്രഹിക്കുകയാണെങ്കില്‍ 18 വയസ്സ് പൂര്‍ത്തിയായ ഏതൊരാള്‍ക്കും സഹായിവോട്ടറായി പ്രവര്‍ത്തിക്കാം.
എന്നാല്‍, ഒരേ ദിവസം ഒന്നില്‍ കൂടുതല്‍ വോട്ടര്‍മാരുടെ സഹായിയായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതല്ല. മാത്രമല്ല, ആ വോട്ടറെ പ്രതിനിധീകരിച്ച് താന്‍ രേഖപ്പെടുത്തിയ വോട്ട് രഹസ്യമായി സൂക്ഷിക്കുമെന്നും പ്രഖ്യാപിക്കേണ്ടതുണ്ട്.
പ്രിസൈഡിംഗ് ഓഫീസര്‍ ഇത്തരത്തിലുള്ള എല്ലാ വോട്ടുകളുടെയും വിവരങ്ങള്‍ ഫോം 14-എ യില്‍ സൂക്ഷിക്കേണ്ടതാണ്.നിര്‍ദേശങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

മുഴുവന്‍ ബൂത്തിലും വെബ്കാസ്റ്റിങ്

1866 ബൂത്തുകളിലായി 2664 ക്യാമറകളാണ് സജ്ജമാക്കുക. ഇന്റര്‍നെറ്റ് സഹായത്തോടെ ശബ്ദം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്യുന്ന ഫോര്‍ ജി ക്യാമറകളാണ് സ്ഥാപിക്കുക. പകര്‍ത്തുന്ന ദൃശ്യങ്ങള്‍ സെര്‍വ്വറില്‍ റെക്കോര്‍ഡ് ചെയ്യപ്പെടും. ഓഫാക്കാന്‍ ആകാത്ത വിധം സീല്‍ ചെയ്യുന്ന ക്യാമറ കേടുപാട് വരുത്തിയാലും അതുവരെയുള്ള ദൃശ്യങ്ങള്‍ സുരക്ഷിതമായിരിക്കും. പ്രശ്നസാധ്യത ബൂത്തുകളില്‍ അകത്തും പുറത്തുമായി രണ്ടു ക്യാമറയും മറ്റിടങ്ങളില്‍ ഒന്നു വീതവുമാണ് സ്ഥാപിക്കുക. കലക്ടറേറ്റില്‍ സജ്ജമാക്കിയ വെബ്കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂമും 24 മണിക്കൂര്‍ നിരീക്ഷണം നടത്തുന്നുണ്ട്. സമാധാനപരമായും നിഷ്പക്ഷവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനാണ് ഈ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കുന്നത്.

വോട്ടിങ്ങ് കേന്ദ്രങ്ങളില്‍ മെഡിക്കല്‍ സേവനവും

ചൂട് കൂടിയ സാഹചര്യമായതിനാല്‍ വോട്ടിങ്ങ് കേന്ദ്രങ്ങളിലെത്തുന്ന എല്ലാവര്‍ക്കും മെഡിക്കല്‍ സേവനം ഉറപ്പാക്കും. ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ ശുശ്രൂഷ ആവശ്യമായി വന്നാല്‍ ഉടന്‍ മൊബൈല്‍ മെഡിക്കല്‍ സംഘമെത്തി ചികിത്സ നല്‍കും. പിഎച്ച് സി തലങ്ങളില്‍ ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യും. സെക്ടറല്‍ ഓഫീസര്‍മാര്‍ക്ക് മെഡിക്കല്‍ കിറ്റുകള്‍ നല്‍കും. ആംബുലന്‍സ് സേവനവും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഉറപ്പാക്കും

Share This Article
error: Content is protected !!