കണ്ണൂർ:
വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നാടാകെ ആവേശം വിതറി എൽഡിഎഫ് റോഡ് ഷോ. എം വി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ട പര്യടനത്തിന്റെ ഭാഗമായുള്ള റോഡ് ഷോ തളിപറമ്പിൽ നിന്ന് തുടങ്ങി വൻകുളത്ത് വയലിൽ സമാപിച്ചു. ഏഴ് നിയമസഭാ മണ്ഡഡലങ്ങളിലൂടെ സഞ്ചരിച്ച റോഡ് ഷോ കാണുന്നതിനനും അഭിവാദ്യം അർപ്പിക്കുന്നതിനും നൂറ് കണക്കിനാളുകളാണ് ഓരോ കേന്ദ്രത്തിലും ഉണ്ടായത്.
അഞ്ഞൂറിലധികം ഇരുചക്ര വാഹനങ്ങൾ ബേന്റ് സെറ്റിന്റെ അകമ്പടിയോടെയാണ് റോഡ് ഷോയിൽ പങ്കെടുത്തത്. തളിപറമ്പിൽ നിന്ന് തുടങ്ങി മയ്യിൽ, മലപ്പട്ടം, ശ്രീകണ്ടാപുരം, പയ്യാവൂർ, ഉളിക്കൽ, ഇരിട്ടി പാലം, വള്ളിത്തോട്, ഇരിട്ടി, മട്ടന്നൂർ, അഞ്ചരക്കണ്ടി, ചക്കരക്കല്ല്, പെരളശ്ശേരി, ചാല, താഴെ ചൊവ്വ, സിറ്റി, ജില്ലാ ആശുപത്രി പ്രഭാത് ജംഗ്ഷൻ, പ്ലാസ, റെയിൽവേ സ്റ്റേഷൻ എസ്എൻ പാർക്ക് വഴിയാണ് വൻകുളത്ത് വയലിൽ സമാപിച്ചത്.
തളിപറമ്പ് കാക്കാത്തോട് ബസ് സ്റ്റാന്റ് പരിസരത്ത് സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റംഗവും കിസാൻ സഭ ജനറൽ സെക്രട്ടറിയുമായ വിജൂ കൃഷ്ണൻ റോഡ് ഷോ ഫ്ളാഗ് ഓഫ് ചെയ്തു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി, ജില്ലാ ആക്ടിങ് സെക്രട്ടറി ടി വി രാജേഷ്, എൽഡിഎഫ് നേതാക്കളായ എൻ ചന്ദ്രൻ, പി കെ ശ്യാമള, പി മുകുന്ദൻ, സി പി സന്തോഷ് കുമാർ, കെ സന്തോഷ്, കെ വി ഗോപിനാഥ്, പി കെ മുജീബ് റഹ്‌മാൻ, ജോയി കൊന്നക്കൽ, അഡ്വ. പി എൻ മധുസൂദനൻ, കെ ചന്ദ്രൻ, രക്തസാക്ഷി ധീരജ് രാജേന്ദ്രന്റെ അച്ഛൻ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.