കണ്ണൂര്‍ ജില്ലയില്‍ 100 ശതമാനം വെബ്കാസ്റ്റിങ്ങ്

kpaonlinenews

1866 ബൂത്തുകളിലായി 2664 ക്യാമറകള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കാന്‍ കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ പോളിങ്ങ് ബൂത്തുകളിലും വെബ് കാസ്റ്റിങ്ങ് സംവിധാനം. 1866 ബൂത്തുകളിലായി 2664 ക്യാമറകളാണ് സജ്ജമാക്കുക. ഇവ കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് നിരീക്ഷിക്കും.

തിരഞ്ഞെടുപ്പ് സുതാര്യമാക്കുക, നിയമലംഘനം, കള്ളവോട്ട് എന്നിവ തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വെബ് കാസ്റ്റിങ്ങ് നടത്തുന്നത്. ഇന്റര്‍നെറ്റ് സഹായത്തോടെ ശബ്ദം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്യുന്ന ഫോര്‍ ജി ക്യാമറകളാണ് സ്ഥാപിക്കുക. പകര്‍ത്തുന്ന ദൃശ്യങ്ങള്‍ സെര്‍വ്വറില്‍ റെക്കോര്‍ഡ് ചെയ്യപ്പെടും. ഓഫാക്കാന്‍ ആകാത്ത വിധം സീല്‍ ചെയ്യുന്ന ക്യാമറ കേടുപാട് വരുത്തിയാലും അതുവരെയുള്ള ദ്യശ്യങ്ങള്‍ സുരക്ഷിതമായിരിക്കും. ക്യാമറ പ്രവര്‍ത്തന രഹിതമായാല്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും മനസിലാക്കാനാകും. ഇത് ഉടന്‍ ടെക്‌നിക്കല്‍ സംഘമെത്തി പരിഹരിക്കും. ദൃശ്യങ്ങള്‍ പ്രത്യേക സെര്‍വ്വര്‍ വഴിയാണ് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുക. വലിയ സ്‌ക്രീനുകളും ലാപ്‌ടോപുകളും ഉപയോഗിച്ച് ഇവ നിരീക്ഷിക്കാന്‍ 90 മോണിറ്ററിങ്ങ് ഉദ്യോഗസ്ഥരും 15 സൂപ്പര്‍വൈസര്‍മാരുമുണ്ടാകും. സാങ്കേതിക സഹായത്തിനായി 15 പേരടങ്ങിയ ടെക്‌നിക്കല്‍ സംഘവുമുണ്ടാകും. 16 ബൂത്തുകളിലെ ദൃശ്യങ്ങളാണ് ഒരാള്‍ നിരീക്ഷിക്കുക. കള്ളവോട്ട്, ക്രമസമാധാന പ്രശ്‌നം, പോളിങ്ങ് ഉദ്യോഗസ്ഥരുടെയും ബൂത്ത് ഏജന്റുമാരുടെയും പ്രവര്‍ത്തനം, ബാഹ്യ ഇടപെടല്‍, അനുവദനീയമല്ലാതെ ബൂത്തുകളിലേക്ക് ആളുകള്‍ പ്രവേശിക്കുന്നത്, അനാവശ്യ മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങി ബൂത്തിലെ മുഴുവന്‍ കാര്യങ്ങളും നിരീക്ഷിക്കും. പ്രശ്‌നസാധ്യത ബൂത്തുകളില്‍ അകത്തും പുറത്തുമായി രണ്ടു ക്യാമറയും മറ്റിടങ്ങളില്‍ ഒന്നു വീതവുമാണ് സ്ഥാപിക്കുന്നത്. അസാധാരണമായ കാര്യങ്ങള്‍ കണ്ടാല്‍ മോണിറ്ററിങ്ങ് ഉദ്യോഗസ്ഥര്‍ സൂപ്പര്‍വൈസറുടെ ശ്രദ്ധയില്‍പ്പെടുത്തും. സൂപ്പര്‍വൈസര്‍ ബുത്തിലെ പ്രിസൈഡിങ്ങ് ഓഫീസറെ അറിയിക്കുകയും ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും. ഇത്തരം കാര്യങ്ങള്‍ക്കായി മുതിര്‍ന്ന ഉദ്യോഗസ്ഥരും കണ്‍ട്രോള്‍ റൂമിലുണ്ടാകും. രാവിലെ മോക്‌പോള്‍ ആരംഭിക്കുന്ന സമയം മുതല്‍ വോട്ടിങ്ങ് അവസാനിക്കുന്നതുവരെ ഇവര്‍ സമാന രീതിയിലാണ് പ്രവര്‍ത്തിക്കുക. തിരുവനന്തപുരത്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിലും ദൃശ്യങ്ങള്‍ നിരീക്ഷിക്കും. ബൂത്തുകളില്‍ ക്യാമറ ഘടിപ്പിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ഏപ്രില്‍ 24ന് ട്രയല്‍ റണ്‍ നടത്തും.
അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍, വിവിധ സ്‌ക്വാഡുകള്‍, ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടികള്‍, വോട്ടിങ് യന്ത്രങ്ങളുടെ സംഭരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നേരത്തെ ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. പൊലീസ്, എക്സൈസ്, മോട്ടോര്‍ വാഹന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവ നിരീക്ഷണം നടത്തുന്ന അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സ്ഥിരമായുള്ള ക്യാമറകള്‍ക്ക് പുറമെ വൈഫൈ സംവിധാനത്തോടെയുള്ള ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും നിരീക്ഷിക്കുന്നുണ്ട്. കലക്ടറേറ്റില്‍ സജ്ജമാക്കിയ വെബ്കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. 33 വീതം സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും ഫ്ളയിങ് സ്‌ക്വാഡുകളും 360 ഡിഗ്രി കറങ്ങുന്ന വൈഫൈ ക്യാമറയുടെ സംവിധാനത്തോടെ 24 മണിക്കൂറും ജില്ലയിലാകെ പരിശോധന നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയമിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനങ്ങള്‍, ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ നിയമസഭ അടിസ്ഥാനത്തിലുള്ള സംഭരണ കേന്ദ്രങ്ങള്‍ എന്നിവയും പൂര്‍ണമായും നിരീക്ഷണത്തിലാണ്. വെബ്കാസ്റ്റിംഗിന്റെ നോഡല്‍ ഓഫീസറും പി ഡബ്ല്യൂ ഡി ഇലക്ട്രോണിക്സ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുമായ ടോമി തോമസിന്റെ നേതൃത്വത്തിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക.
നിരീക്ഷണ സംഘത്തിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നല്‍കി. മാസ്റ്റര്‍ ട്രെയിനര്‍ അബ്ദുള്‍ ഗഫൂര്‍, വെബ്കാസ്റ്റിങ്ങ് ടീം അഡീഷണല്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ വൈശാഖ് എന്നിവര്‍ ക്ലാസെടുത്തു. വെബ്കാസ്റ്റിങ്ങ് നോഡല്‍ ഓഫീസര്‍ ടോമി തോമസ്, ജില്ലാ ഇന്‍ഫോര്‍മാര്‍റ്റിക് ഓഫീസര്‍ കെ രാജന്‍, ഐ ടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ മിഥുന്‍ കൃഷ്ണ എന്നിവര്‍ സംസാരിച്ചു.

Share This Article
error: Content is protected !!