കണ്ണൂർ: ദേശീയ തലത്തിൽ കോൺഗ്രസ്സിന്റെ തിരിച്ചു വരവ് ജനം ആഗ്രഹിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യു.ഡി.എഫ്. കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ ബസാറിൽ നടന്ന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അയൽ രാജ്യങ്ങളിൽ പല രാഷ്ട്രീയക്കുഴപ്പങ്ങൾ ഉണ്ടായപ്പോഴും ഇന്ത്യൻ ജനാധിപത്യം ശക്തിയായി നില നിന്നു. ജനം ഒറ്റക്കെട്ടായിരുന്നു.
എന്നാൽ ഇന്ന് ജനങ്ങളെ തമ്മിലടപ്പിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ഈ സർക്കാരിനെ പരാജയപ്പെടുത്താനുള്ള കാഹളം രാജ്യമെങ്ങും മുഴങ്ങുന്നു.
ഞങ്ങളില്ലെങ്കിൽ ന്യൂനപക്ഷങ്ങൾ രണ്ടാം തരക്കാരായി മാറും എന്ന് അവകാശപ്പെടുന്നവർ രാജ്യത്ത് എവിടെയൊക്കെയുണ്ട് എന്ന് പറയണം.
ഇന്ത്യാ മുന്നണി അനുദിനം ശക്തിപ്പെടുന്നു. കേരളത്തിൽ യു. ഡി.എഫ്. വൻ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ എം അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. കെ. പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ: എം. ലിജു, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി, ഒ നാരായണൻ പ്രഭാഷണം നടത്തി
മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ കല്ലായി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി, ജനറൽ സെക്രട്ടറി കെ.ടി സഹദുള്ള, ജില്ലാ വൈസ് പ്രസിഡണ്ട് വി.പി വമ്പൻ, ജില്ലാ സെക്രട്ടറിമാരായ അഡ്വ: എം.പി മുഹമ്മദലി, എം അഹ്മദ് ചാലാട്, എസ്.ടി.യു ദേശീയ സെക്രട്ടറി എം.എ കരീം, മുസ്‌ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ്, വൈസ് പ്രസിഡണ്ട് എം സജ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസീത ടീച്ചർ, ഡി സി.സി നിർവ്വാഹക സമിതി അംഗം കെ.എം ശിവദാസൻ, ഹംസ മൗലവി പള്ളിപ്പറമ്പ്, ടി.പി സുമേഷ്, ഷംസീർ മയ്യിൽ, എം അനന്തൻ മാസ്റ്റർ പങ്കെടുത്തു. യു.ഡി.എഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമിതി ജനറൽ കൺവീനർ എം.കെ സുകുമാരൻ സ്വാഗതവും വർക്കിംഗ് കൺവീനർ മൻസൂർ പാമ്പുര്യത്തി നന്ദിയും പറഞ്ഞു
സമ്മേളനത്തിന് മുന്നോടിയായി യു.ഡി.എഫ് പ്രവർത്തകർ പി.കെ കുഞ്ഞാലിക്കുട്ടിയെ നാറാത്ത് ടൗണിൽ നിന്നും കമ്പിൽ ബസാറിലേക്ക് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു