കണ്ണൂര്‍: വീട്ടിലെത്തിയുള്ള വോട്ടിന്റെ മറവില്‍ കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി സിപിഎം അനുകൂലികളായ ഉദ്യോഗസ്ഥരുടെ ഒത്താശയില്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ തെളിവാണ് കല്യാശേരി സംഭവമെന്ന് യു ഡി എഫ് നേതാക്കൾ ആരോപിച്ചു . മുതിര്‍ന്ന പൗരന്മാരുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്ന പ്രക്രിയയില്‍ സിപിഎം നേതൃത്വം കൃത്യമായ ഇടപെടല്‍ നടത്തുന്നതായി നേരത്തേ യുഡിഎഫ് സംശയം പ്രകടിപ്പിച്ചതാണ്. അതിനെ ശരിവെക്കുന്നതാണ് കല്യാശ്ശേരി പഞ്ചായത്തില്‍ 164-ാം ബൂത്തില്‍ നടന്ന സംഭവം. സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതു കൊണ്ടു മാത്രമാണ് സംഭവം പുറത്തറിഞ്ഞത്. ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കേണ്ടി വന്നതും കൃത്യമായ തെളിവുകള്‍ പുറത്തു വന്നതു കൊണ്ടാണ്.
വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടും വിധം ബാഹ്യ ഇടപെടല്‍ സിപിഎം നടത്തിയെന്നതിന്റെ വ്യക്തമായ തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്. 92 വയസ്സുള്ള വൃദ്ധയുടെ വോട്ടില്‍ സിപിഎം പ്രാദേശിക നേതാവ് ഇടപെടുമ്പോള്‍ ഉദ്യോഗസ്ഥര്‍ അതിന് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സിപിഎം അനുകൂലിയും ഭരണാനുകൂല പോലീസ് അസോസിയേഷന്റെ നേതാവുമാണ് സംഭവം നടക്കുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ജില്ലയില്‍ വ്യാപകമായി ഇത്തരത്തില്‍ സിപിഎം കള്ളവോട്ട് ചെയ്തിട്ടുണ്ട്. വീട്ടിലെത്തിയുള്ള വോട്ടില്‍ മഹാഭൂരിപക്ഷവും തങ്ങള്‍ക്കനുകൂലമാക്കാന്‍ സിപിഎം നേതൃത്വവും സിപിഎം അനുകൂലികളായ ഉദ്യോഗസ്ഥരും കൃത്യമായ ഗൂഢാലോചന നടത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിലെ പരാജയം മുന്നില്‍ കണ്ട് ജനാധിപത്യപ്രക്രിയയെ തന്നെ അട്ടിമറിക്കാന്‍ സിപിഎം ഒരുമ്പെടുകയാണ്. വ്യാപകമായ അക്രമമഴിച്ചു വിട്ടും കള്ളവോട്ടു ചെയ്തും സുഗമമായ തെരഞ്ഞെടുപ്പു പ്രക്രിയ അട്ടിമറിക്കാനുള്ള സിപിഎം നീക്കം തെരഞ്ഞെടുപ്പു കമ്മീഷന്‍ ഗൗരവത്തോടെ കാണണം. പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതു കൊണ്ട് പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ നടക്കുന്ന ആയുധസംഭരണം പുറംലോകമറിഞ്ഞു.കണ്ണൂര്‍, കാസര്‍കോട്, വടകര ലോക്‌സഭാ മണ്ഡലങ്ങളുടെ പരിധിയില്‍ വരുന്നു പ്രദേശങ്ങളില്‍ വ്യാപകമായി തെരഞ്ഞെടുപ്പു അട്ടിമറിക്കാന്‍ സിപിഎം നടത്തുന്ന ശ്രമം ജാഗ്രതയോടെ കാണണം. ശക്തമായ നടപടി ഈ വിഷയത്തില്‍ ജില്ലാ വരണാധികാരിയില്‍ നിന്നും തെരഞ്ഞെടുപ്പു കമ്മീഷനില്‍ നിന്നുമുണ്ടാകണം. പൂര്‍ണമായും കേന്ദ്രസേനയുടെ നിയന്ത്രണത്തില്‍ സമാധാനപരമായ അന്തരീക്ഷത്തില്‍ പോളിംഗ് ഉറപ്പു വരുത്താന്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.