കണ്ണൂര്‍: വടക്കന്‍ ജില്ലകളില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകരാന്‍ രാഹുല്‍ഗാന്ധിയെത്തുന്നു. ഏപ്രില്‍ 18 വ്യാഴാഴ്ച്ച രാവിലെ 11:30 മണിക്ക് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന യുഡിഎഫ് മഹാ സംഗമത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്ന് പതിനായിരക്കണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മഹാസംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യു ഡി എഫ് നേതാക്കൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കണ്ണൂര്‍, കാസര്‍ഗോഡ്, വടകര നിയോജകമണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനാണ് രാഹുല്‍ഗാന്ധിയെത്തുന്നത്. യുഡിഎഫിന്റെ പ്രമുഖ നേതാക്കള്‍ മഹാസമ്മേളനത്തില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പു പ്രചാരണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ കൂടുതല്‍ ദേശീയ നേതാക്കള്‍ യുഡിഎഫിനു വേണ്ടി പ്രചാരണത്തിനെത്തും. മഹാസംഗമത്തിനെത്തുന്ന പ്രവര്‍ത്തകര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനും മറ്റും പ്രത്യേകസംവിധാനമൊരുക്കിയിട്ടുണ്ടെന്നും നഗരത്തില്‍ ഗതാഗതതടസമുണ്ടാകാതിരിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും നേതാക്കൾ അറിയിച്ചു. പരാജയഭീതിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണപ്രവര്‍ത്തനങ്ങളെ പല രീതിയിലും തടസപ്പെടുത്താന്‍ സിപിഎം ശ്രമിക്കുന്നതായി യു ഡി എഫ് നേതാക്കൾ ആരോപിച്ചു.യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണബോര്‍ഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കുന്നു. അക്രമപ്രവര്‍ത്തനങ്ങളിലൂടെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ സിപിഎം നേതൃത്വം ബോധപൂര്‍വം ശ്രമിക്കുകയാണ്. പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായി ഒരു സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതു കൊണ്ടു മാത്രം സിപിഎമ്മിന്റെ ഗൂഢനീക്കം പുറംലോകമറിഞ്ഞു. സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളില്‍ വന്‍തോതില്‍ ബോംബുകളും മാരകായുധങ്ങളും സംഭരിച്ചിട്ടുണ്ട്. പോലീസിന്റെ ഭാഗത്തു നിന്ന് ശക്തമായ നടപടി ഉണ്ടാകുന്നില്ല. സമാധാനപരമായ പോളിംഗ് ഉറപ്പു വരുത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇടപെടണമെന്നും സംഘര്‍ഷസാധ്യതയുള്ള പ്രദേശങ്ങള്‍ കേന്ദ്രസേനയുടെ പൂര്‍ണനിയന്ത്രണത്തിലാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
വാഹനം പാർക്കിങ് ചെയ്യേണ്ട സ്ഥലങ്ങൾ : ജില്ലാ ആശുപത്രി പരിസരം ,എൽ ഐ സി പരിസരം ,എസ് എൻ പാർക്ക് പരിസരം ,ടൗൺ ഹൈ സ്കൂൾ പരിസരം