ശ്രീകണ്ഠപുരം : കാഞ്ഞിരക്കൊല്ലിയിൽ കടുവ ഇറങ്ങിയതായി അഭ്യൂഹം. മുള്ളൻപന്നിയെ കടുവ കടിച്ചുകൊന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കാഞ്ഞിരക്കൊല്ലിയിലെ മാത്യു കാരത്തോട്ടത്തിന്റെ വീടിന് സമീപത്ത് തിങ്കളാഴ്ച രാവിലെ മുള്ളൻപന്നിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പറമ്പിൽ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. എന്നാൽ, കടുവയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല. കർണാടക വനാതിർത്തിയോട് ചേർന്നുള്ള കാഞ്ഞിരക്കൊല്ലി വന്യമൃഗങ്ങൾ സ്ഥിരമായി ഇറങ്ങുന്ന മേഖലയാണ്. ഇവിടെ കാട്ടാനശല്യവും രൂക്ഷമാണ്.