കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഭിന്നശേഷിക്കാരെയും 85 വയസ്സ് കഴിഞ്ഞ വരെയും വീട്ടിലെത്തി വോട്ട് ചെയ്യിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ പോളിങ് സുതാര്യമായി നടക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പോളിങ് സംഘത്തിനൊപ്പം ഉണ്ടാകണമെന്ന് കലക്ടര്‍ അരുണ്‍ കെ വിജയന്‍. കലക്ടറുടെ ചേമ്പറില്‍ നടന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ തിങ്കളാഴ്ചയാണ് വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചത്. ഏഴു നിയമസഭ മണ്ഡലങ്ങളിലായി 10960 പേരാണ് 85+, ഭിന്നശേഷിക്കാര്‍ എന്ന വിഭാഗങ്ങളില്‍ പോസ്റ്റല്‍ ബാലറ്റിന് അര്‍ഹരായത്. ആകെ 149 ടീമുകളെയാണ് ഏഴ് നിയമസഭ മണ്ഡലങ്ങളിലേക്ക് പോളിങ്ങിനായി നിയോഗിച്ചിട്ടുണ്ട്. വോട്ടറെ ഫോണിലൂടെയോ ബി എല്‍ ഒ മാര്‍ വഴിയോ സന്ദര്‍ശിക്കുന്ന ദിവസവും ഏകദേശ സമയവും അറിയിക്കും.
‘അവകാശം’ പോര്‍ട്ടല്‍ വഴി മാപ്പിംഗ് നടത്തിയാണ് വിവിധ സ്ഥലങ്ങളിലെത്തി വോട്ട് രേഖപെടുത്തുന്ന പ്രവര്‍ത്തനം നടത്തുന്നത്. ഇതിലൂടെ ഓരോ സ്ഥലത്തും പോകുന്ന പോളിംഗ് ടീമുകള്‍ ഏതാണെന്നും അവര്‍ എത്തുന്ന സമയവും അറിയാന്‍ സാധിക്കും. ഏപ്രില്‍ 20 വരെയാണ് വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്ന പ്രവര്‍ത്തനം നടക്കുന്നത്.
കലക്ട്രേറ്റിലെ പോസ്റ്റല്‍ ബാലറ്റ് സ്‌ട്രോങ്ങ് റൂമില്‍ നിന്നും എല്ലാ ദിവസവും രാവിലെ ആറു മണി മുതല്‍ തന്നെ വിവിധ നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് സാമഗ്രികള്‍ വിതരണം ചെയ്യും. അതിന് ശേഷം ഓരോ നിയോജക മണ്ഡലങ്ങളിലും എത്തിച്ച് ഉപവരണാധികാരികളുടെ സാന്നിധ്യത്തില്‍ പോളിങ് ടീമുകള്‍ക്ക് ഇവ നല്‍കും. വോട്ട് ചെയ്യിപ്പിച്ചതിനു ശേഷം അന്ന് വൈകിട്ട് തന്നെ പോസ്റ്റല്‍ ബാലറ്റുകള്‍ ഉപവരണാധികാരിക്ക് കൈമാറുകയും സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റുകയും ചെയ്യും. ഈ ഘട്ടങ്ങളിലെല്ലാം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യം ഉണ്ടാകണമെന്നും കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ വീട്ടില്‍ നിന്ന് വോട്ട് രേഖപ്പെടുത്തുന്നത്തിന്റെ ഘട്ടങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ടിങ്ങിനെ സംബന്ധിച്ചുള്ള കാര്യങ്ങളും കലക്ടര്‍ വിശദീകരിച്ചു. യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം പ്രകാശന്‍, ടി ഒ മോഹനന്‍, സി എം ഗോപിനാഥന്‍, കെ കെ വിനോദ് കുമാര്‍, അഡ്വ. എം പി മുഹമ്മദലി, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പോസ്റ്റല്‍ ബാലറ്റ് സൂക്ഷിക്കുന്ന സ്‌ട്രോങ് റൂം കലക്ടറും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സന്ദര്‍ശിച്ചു.