റെയിൽവേ പോലീസിന് നന്ദി പറഞ്ഞ് അധ്യാപിക നഷ്ടപ്പെട്ടെന്ന് കരുതിയ 20 പവൻ തിരികെ കിട്ടി

kpaonlinenews

നഷ്ടപ്പെട്ടെന്ന് കരുതിയ 20 പവൻ സ്വർണാഭരണമടങ്ങിയ ബാഗ് കണ്ടെത്തി തിരിച്ചുനൽകിയ റെയിൽവേ പോലീസിന് നന്ദി പറഞ്ഞ് അധ്യാപിക. പയ്യന്നൂർ സ്വദേശിയായ അധ്യാപിക റോഷ്നി നാരായണനാണ് ഷൊർണൂർ റെയിൽവേ എസ്.ഐ. അനിൽ മാത്യുവിനും സംഘത്തിനും നന്ദിപറയുന്ന കുറിപ്പ് സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച ചെന്നൈ ആർക്കോണത്തുനിന്ന് പയ്യന്നൂരിലേക്ക് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസി ലാണ് റോഷ്‌നിയും ഭർത്താവും രണ്ട് കുട്ടികളും യാത്ര ചെയ്തത്. ചൊവ്വാഴ്ച പയ്യന്നൂരിൽ വണ്ടിയെത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. 158 ഗ്രാം സ്വർണമാണ് ബാഗിൽ ഉണ്ടായിരുന്നത്.


ആർക്കോണം റെയിൽവേ സ്റ്റേഷനിലും റെയിൽവേ പോലീസിലും വിവരം അറിയിച്ചു. ഇതിനിടെ പോലീസ് പരിശോധനയ്ക്കിടെ എ.സി. കമ്പാർട്ട്‌മെന്റിന്റെ ശൗചാലയത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തിയിരുന്നു. ബാഗ് പരിശോധിച്ചപ്പോൾ വസ്ത്രങ്ങളും സ്വർണാഭരണങ്ങളും ഒരു ആൽബവും ലഭിച്ചു. ആൽബത്തിലുണ്ടായിരുന്ന ഫോട്ടോഗ്രാഫറുടെ നമ്പറിൽ ബന്ധപ്പെട്ട് ഉടമയുടെ ഫോൺനമ്പർ കണ്ടെത്തി പോലീസ് റോഷ്‌നിയെ തിരിച്ചറിയുകയായിരുന്നു.

ഇത്രധികം സ്വർണമുണ്ടായിരുന്നതിനാൽ ഇവരുടേതാണെന്ന് ഉറപ്പുവരുത്താനുള്ള നടപടി ശ്രമകരമായിരുന്നെന്ന് എസ്.ഐ. അനിൽ മാത്യു പറഞ്ഞു. ബുധനാഴ്ച വൈകീട്ട് റോഷ്‌നിയും കുടുംബവും ഷൊർണൂരിലെത്തി ആഭരണങ്ങളും ബാഗും ഏറ്റുവാങ്ങി.

Share This Article
error: Content is protected !!