ഓൺലൈൻ ട്രേഡിങ് വഴി കോടികളുടെ തട്ടിപ്പ്: 2 പേർ അറസ്‌റ്റിൽ

kpaonlinenews

ചെറുപുഴ : ഓൺലൈൻ ട്രേഡിങ്ങിലൂടെ പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് കോടികൾ തട്ടിയെടുക്കുന്ന സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് നെന്മാറ ആയർപള്ളത്തെ പടിഞ്ഞാറേവീട്ടിൽ ജിഷ്ണു, പാലക്കാട് ചക്രായി തിരുവഴിയാട്ടെ പാറയിൽ കളപ്പുരയ്ക്കൽ കിരൺ പ്രദീപ്കുമാർ എന്നിവരെയാണ് ചെറുപുഴ പോലീസ് ഇൻസ്പെക്ടർ ടി.പി. ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്‌ ചെയ്തത്.

ആറുമാസം മുൻപ് ചെറുപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽവരുന്ന വാച്ചാലിലെ 28-കാരിയുടെ 11.25 ലക്ഷം രൂപയാണ് ഓൺലൈൻ തട്ടിപ്പ് സംഘം കൈക്കലാക്കിയത്. വാട്സാപ്പിലൂടെ ബന്ധമുണ്ടാക്കുകയും ടെലഗ്രാം ആപ്പിലൂടെ തട്ടിപ്പിന് കളമൊരുക്കുകയുമായിരുന്നു.

പെർഫോമിക് ഇന്ത്യ ഡിജിറ്റൽ ആൻഡ് ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭമുണ്ടാകുമെന്ന് യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. എട്ട് അക്കൗണ്ടുകളിലേക്ക് രണ്ടുദിവസം കൊണ്ടാണ് യുവതി പണം കൈമാറിയത്. ഇതിൽ ജിഷ്ണുവിന്റെ അക്കൗണ്ടിലേക്ക് യുവതി 60,000 രൂപ മാത്രമാണ് അയച്ചിരുന്നത്. എന്നാൽ അന്വേഷണത്തിൽ രണ്ടുദിവസംകൊണ്ട് ജിഷ്ണുവിന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് കോടികൾ എത്തിയതായി കണ്ടെത്തി.

ജിഷ്ണു നേരത്തേ ഒരു സ്ഥാപനം നടത്തിവരുന്നതിനിടയിലാണ് കിരണുമായി ബന്ധപ്പെടുന്നത്. ഓൺലൈൻ അക്കൗണ്ട് ഉണ്ടാക്കാൻ സഹായിക്കണമെന്ന് കിരൺ പറഞ്ഞതനുസരിച്ച് അതുണ്ടാക്കി കൈമാറുകയായിരുന്നു. പിന്നീട് കിരൺ അക്കൗണ്ട് മറിച്ചുനൽകി. 

ഈ വകയിൽ കിരണിനും ജിഷ്ണുവിനും രണ്ടുലക്ഷം രൂപ ലാഭമുണ്ടായതായി ചോദ്യം ചെയ്യലിൽ ഇരുവരും പറഞ്ഞു.

Share This Article
error: Content is protected !!