മൃതദേഹം വേണ്ടെന്ന് ബന്ധുക്കള്‍; ഖബറടക്കം നടത്തി സി.എച്ച്. സെന്റർ പ്രവര്‍ത്തകര്‍

kpaonlinenews

പരിയാരം: മൃതദേഹം വേണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചതോടെ ഏറ്റെടുത്ത് ഖബറടക്കം നടത്തി സി.എച്ച്.സെന്ററിലെ കാരുണ്യ പ്രവര്‍ത്തകര്‍.

തിരുവനന്തപുരം വര്‍ക്കല സ്വദേശിയും ദീര്‍ഘകാലമായി പുതിയതെരുവില്‍ താമസിച്ചുവരുന്നയാളുമായ അബ്ദുള്‍ അസീസാണ്(62) ഇന്നലെ രാവിലെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്.

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും ഏപ്രില്‍ 6 നാണ് ഇദ്ദേഹത്തെ പരിയാരത്തേക്ക് റഫര്‍ ചെയ്തത്.

കഴിഞ്ഞ 10 വര്‍ഷമായി പുതിയതെരുവിലെ വാടകക്വാര്‍ട്ടേഴ്സില്‍ തനിച്ച് താമസിച്ചുവരികയായിരുന്നു.

അസുഖബാധിതനായതിനെ തുര്‍ന്നാണ് പുതിയതെരുവിലെ സന്നദ്ധപ്രവര്‍ത്തകനായ നൗഷാദിന്റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്.

കുടുംബക്കാര്‍ ഉണ്ടെങ്കിലും മരിച്ചാല്‍ അറിയിക്കേണ്ടെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ മെഡിക്കല്‍ കോളേജ് സോഷ്യോളജി വിഭാഗവുമായി ചേര്‍ന്ന് ശ്രമിച്ചതിന്റെ അടിസ്ഥാനത്തില്‍ അബ്ദുല്‍ അസീസ് നല്‍കിയ ഒരു ഫോണ്‍ നമ്പറിലൂടെയാണ് ബന്ധുക്കളെ കണ്ടെത്തിയത്.

ഇന്നലെ രാവിലെ മരിച്ച വിവരം അറിയിച്ചപ്പോള്‍ തൃശൂര്‍ മുള്ളൂര്‍ക്കരയില്‍ താമസിക്കുന്ന മകന്‍ കെ.എ റഷീദ് മൃതദേഹം തങ്ങള്‍ക്ക് വേണ്ടെന്നും നിങ്ങള്‍ ഇടപെട്ട് സംസ്‌ക്കരിക്കണമെന്നും രേഖാമൂലം സി.എച്ച് സെന്ററിനെ അറിയിച്ചു.

പരിയാരം പോലീസില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇന്നലെ വൈകുന്നേരം മൃതദേഹം ഏറ്റെടുത്ത സി.എച്ച്.സെന്റര്‍ മൃതദേഹം വളപട്ടണം മന്ന കബര്‍സ്ഥാനില്‍ കബറടക്കി.

നൗഷാദ് പുതിയതെരു, ജിയാസ് പുതിയതെരു, പി.പി.നൂര്‍ഷ (കണ്ണാടിപറമ്പ), കെ.പി.സഞ്ജയന്‍, പി.വി.ലക്ഷ്മണന്‍, സി എച്ച് സെന്റര്‍ മയ്യത്ത് പരിപാലന ചെയര്‍മാന്‍ പി.വി.അബ്ദുല്‍ ഷുക്കൂര്‍, അല്‍ ഹാജ് മുസ്തഫ, ഫായിസ് കുപ്പം, അഫ്സല്‍ കുഴിക്കാട്, അബ്ദുള്ള ഓണപ്പറമ്പ് എന്നിവരാണ് മൃതദേഹം ഏറ്റെടുത്ത് മയ്യത്ത് പരിപാലന കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയത്.

Share This Article
error: Content is protected !!